സിജോ പൈനാടത്ത്
കൊച്ചി: ജീവിതത്തിലെ ആദ്യത്തെ വിദേശയാത്രയായിരുന്നു അമ്പിളിയുടേത്. വിമാനത്തിലൊന്നു കയറണം, മകന് വിഷ്ണു ജോലി ചെയ്യുന്ന അബുദാബി ഒന്നു ചുറ്റിക്കറങ്ങി കാണണം.
ആഗ്രഹം അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. കോവിഡില്‍ കുടുങ്ങി കാര്യങ്ങളെല്ലാം അവതാളത്തിലായി. അബുദാബിയില്‍ വന്നിറങ്ങിയ നാള് മുതല്‍ മകന്റെ താമസസ്ഥലത്തെ മുറിയില്‍ തന്നെ.
ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തില്‍ കയറാനായിരുന്നു രണ്ടു മാസത്തിനുശേഷം താമസസ്ഥലത്തു നിന്നു പുറത്തിറങ്ങിയത്. അതില്‍ നേരെ നാട്ടിലേക്കു മടക്കം.
ഇന്നലെ രാത്രി അബുദാബിയില്‍ നിന്നു കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശിനി അമ്പിളിയും ഉണ്ടായിരുന്നു.
കന്നി വിദേശയാത്ര നിരാശപ്പെടുത്തിയതിന്റെ സങ്കടമൊന്നുമില്ലെന്നു അമ്പിളിയുടെ വാക്കുകള്‍. പ്രശ്നങ്ങളൊന്നുമില്ലാതെ എത്രയും വേഗം നാട്ടിലേക്കെത്താനായല്ലൊ, അതു മതി.
ആദ്യ വിമാനത്തില്‍ തന്നെ ജന്മനാട്ടിലേക്കു മടങ്ങാനായത് അനുഗ്രഹമായി കരുതുന്നു. ദൈവത്തിനു നന്ദി. അമ്പിളി ‘ദീപിക’യോടു സന്തോഷവും ആശ്വാസവും പങ്കുവച്ചു.
സന്ദര്‍ശക വിസയില്‍ മാര്‍ച്ച് മൂന്നിനാണ് അമ്പിളി അബുദാബിയില്‍ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 പടരുന്നതിനാല്‍ ഗള്‍ഫിലും നിയന്ത്രണം ശക്തമാക്കിയ ദിനങ്ങളായിരുന്നു അത്. അതുകൊണ്ടു മകന്റെ താമസ സ്ഥലത്തു തന്നെ കഴിയേണ്ടിവന്നു.