വെള്ളിക്കുളങ്ങര/വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19 കാരനായ ടിക്ടോക് താരം റിമാൻഡിൽ.
അന്പിളി എന്ന പേരിൽ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും അറിയപ്പെടുന്ന വടക്കാഞ്ചേരി കുന്പളങ്ങാട് പള്ളിയത്തുപറന്പിൽ വിഘ്നേഷ് കൃഷ്ണയെയാണു വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
പ്ലസ്ടുക്കാരിയായ പെണ്‍കുട്ടിയെ ആറുമാസം മുന്‍പാണ് ഇയാൾ പരിചയപ്പെട്ടത്. പിന്നീട് ഇവർ അടുപ്പത്തിലാവുകയായിരുന്നു. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണു പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്.
ആശുപത്രി അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണു വെള്ളിക്കുളങ്ങര പോലീസ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് പരിസരത്തു നിന്നു പ്രതിയെ പിടികൂടിയത്.
പോക്സോ നിയമപ്രകാരം അറസ്റ്റു രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്പിളി എന്ന പേരിൽ ഇയാളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.