അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വ്യാജമദ്യ സംഘം നാട്ടിൽ വിലസിയിരുന്നത് ആഡംബര കാറുകളിൽ.
തമിഴ് നാട്ടിൽ നിന്ന് സ്പിരിറ്റെത്തിച്ച് നിറം ചേർത്ത് സ്വന്തമായി മദ്യം ഉൽപാദിപ്പിച്ചിരുന്ന സംഘം വിലസിയിരുന്നത് വിലകൂടിയ കാറുകളിലായിരുന്നു ഇന്നലെ അറസ്റ്റിലായ പുന്ന പ്ര പറവൂർ പുത്തൻച്ചിറ വീട്ടിൽ പി.എ ഷിബു (44) വിന്റെ പെട്ടെന്നുള്ള വളർച്ച നാട്ടുകാരെ അദ്ഭുതപ്പെടുത്തിയിരുന്നു.
മുമ്പ് ഭരണകക്ഷിയിൽ പെട്ട ഒരു യുവജന സംഘടനയുടെ പ്രവർത്തകനായി കൂലിപണിയെടുത്തു ജീവിച്ചിരുന്ന വ്യക്തി പെട്ടെന്നാണ് ആഡംബര ജീവിതത്തിലേക്ക് കടന്നത്.
നാട്ടിലെ മാന്യന്മാർ!
കഴുത്തിൽ തൂക്കം വരുന്ന സ്വർണ്ണ മാല, കൈകളിൽ ചെയിനും മോതിരവും, മാറി മാറി ഉപയോഗിക്കാൻ വാഹനങ്ങൾ, വലിയ സ്വാധിനം പക്ഷേ ഇവയെല്ലാം സ്പിരിറ്റ് ഒഴുക്കിയതിന്റെ ലക്ഷങ്ങളാണെന്ന് ഇപ്പോഴാണ് ജനം തിരിച്ചറിഞ്ഞത്.
കേസിലെ ഒന്നാം പ്രതി പുറക്കാട് കരൂർ രോഹിണി നിവാസിൽ ശ്രീരാജു (29) വും നാട്ടിൽ മാന്യനായിരുന്നു.
കഴിഞ്ഞ ലോക് ഡൗൺ നാളു മുതൽ തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് സംഘം അമ്പലപ്പുഴയിൽ സ്പിരിറ്റ് എത്തിച്ചിരുന്നത്.
കരൂർ കാഞ്ഞൂർ മംത്തിന് സമീപത്തെ വീട്ടിലാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജൻ കുപ്പികളിൽ നിറച്ചിരുന്നത്.
ജനപ്രീയ ബ്രാൻഡാായ എം.സി വി , ഡാഡി വിൽസൺ എന്നിവയാണ് സ്പിരിറ്റിൽ എസൻസ് ചേർത്ത് സ്റ്റിക്കർ പതിപ്പിച്ചു സംഘം ആലപ്പുഴ ജില്ലക്കുള്ളിലും വെളിയിലുമായി വിറ്റിരുന്നത്.
അമ്പലപ്പുഴയിലെയും പുന്ന പ്രയിലെയും ബാറുകളിലും വ്യാജൻ വിതരണം ചെയ്തതായി സംശയിക്കുന്നു. കൂടാതെ നാട്ടിലെ ചെറുകിട വിൽപ്പന സംഘങ്ങൾക്കും ഇവർ എത്തിച്ചു നൽകിയിരുന്നു.
ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് ലക്ഷങ്ങളാണ് സംഘം സമ്പാദിച്ചു കൂട്ടിയത്.
തമിഴ് നാട്ടിലെ വൻ സ്പിരിറ്റ് ലോബിയുമായി ബന്ധപെട്ടാണ് കാലിതീറ്റ ഇറക്കുമതിയുടെ മറവിലാണ് അമ്പലപ്പുഴയിലെ വീട്ടിൽ സ്പിരിറ്റ് എത്തിച്ചിരുന്നത്.
ഇവരെ കൂടാതെ ഇതേ കേസിൽ മുൻപ് മനോജ്,രാഹുൽ എന്നീ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വന്പൻമാർ പലരും…
ജില്ലാ പോലീസ് മേധാവി ജയദേവ് ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൻ അമ്പലപ്പുഴ ഡി.വൈ.എസ്.പി: സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷ് എ.എസ്.ഐ സജിമോൻ ,
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ എബി തോമസ്, ഹരികൃഷ്ണൻ, ടോണി വർഗീസ്, വിനിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
തമിഴ്നാട്ടിലെ സ്പിരിറ്റ് മൊത്തകച്ചവട സംഘത്തെ കൂടാതെ പല വമ്പൻമാരെയും ഇനിയും അറസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.