വെള്ളറട: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ തട്ടാമുക്കിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാഖി(30) എന്ന യുവതിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഉപ്പു ചേര്‍ത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്പൂരി തട്ടാംമുക്ക് രാഹുല്‍ ഭവനില്‍ അഖിൽ (25) സഹോദരന് രാഹുൽ (27)സമീപവാസിയായ ആദര്‍ശ്(26)എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പിനായി അമ്പൂരിയിലെത്തിച്ചു.
വന്‍ ജനക്കൂട്ടം ഇന്നലെ രാവിലേ മുതല്ക്കേ ഇവടെ തമ്പടിച്ചിരുന്നു. വന്‍ പോലീസ്സ് സംരക്ഷണയില്‍ ആയിരുന്നു തെളിവെടുപ്പ്.ഉച്ചക്ക് 1.30 യോടെ അമ്പൂരിയിലെ തട്ടാംമുക്കിലെ മൃതദ്ദേഹം കണ്ടെടുത്ത വീട്ടിന് സമീപത്ത് പോലീസ് വാനിലെത്തിച്ചശേക്ഷം ഓരോരുത്തരേയായി വാഹനത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പു നടത്തി. തന്റെ പണികഴിപ്പിക്കുന്ന വീട്ടിലെ സ്റ്റെയര്‍കെയ്സിനടിയില്‍ നിന്ന് രാഖിയെ കൊല്ലാന്‍ കുടുക്കിട്ട പ്ലാസറ്റിക് കയറും കുഴിയെടുക്കാനുപയോഗിച്ച പിക് ആക്സും കമ്പിപ്പാരയും അഖില്‍ ചൂണ്ടിക്കാട്ടിക്കൊടുത്തു.പോലീസ്സ് കമ്പിപ്പാരയും കയറും കസ്റ്റഡിയിലെടുത്തു.
രാഖിയുടെ ഒരു ചെരുപ്പും സമീപത്തെ പറമ്പില്‍ നിന്ന് വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തി. രാഹുലാണ് സമീപപുരയിടത്ത് വലിച്ചെറിഞ്ഞ രാഖിയുടെ ചെരിപ്പ്കളില് ഒന്ന് കാണിച്ചു കൊടുത്തത്. ചെരിപ്പ് രാഖിയുടെത് തന്നെയെന്ന് ആദര്‍ശിനെ കാണിച്ച് ഉറപ്പ് വരുത്തി. ഒരുചെരിപ്പ് മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. പ്രദേശമാകേ പോലീസ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഒരണ്ണം കിട്ടിയില്ല.
കുഴിയെടുക്കാനുപയോഗിച്ച മണ്‍വെട്ടി രാഹുല്‍ എടുത്തു നല്കി. മൃതദേഹത്തിനൊപ്പം ചേര്‍ക്കാന്‍ ഉപ്പു വാങ്ങിയ അമ്പൂരി ജംഗ്ഷനിലെ പലചരക്കു കടയില്‍ നിന്നും ആദര്‍ശും രാഹുലും ചേര്‍ന്നാണ് വാങ്ങിയതെന്ന് കണ്ടെത്തി. രാഹുലിനെ അമ്പൂരിയിലെ കടയിലെത്തിച്ച് തെളിവെടുപ്പ്നടത്തി. വൈകുന്നരം 5.30 ഒടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയായത്.തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു.
പ്രതികൾക്കു നേരെ സ്ത്രീകളുള്‍പ്പെടെ നാട്ടുകാര്‍ കൂക്കിവിളിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവ്വാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്.