തിരുവനന്തപുരം: അന്പൂരിയിൽ തിരുപുറം സ്വദേശിയായ രാഖി എന്ന യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന മുഖ്യപ്രതിയും സൈനികനുമായ അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ പോലീസ് കസ്റ്റഡിയിൽ.
ഇന്നു രാവിലെ തിരുവനന്തപുരം-തമിഴ്നാട് അതിർത്തി മേഖലയിലെ ഒളിസങ്കേതത്തിൽ നിന്നുമാണ് രാഹുലിനെ പോലീസ് പിടികൂടിയത്. ഇന്നു വൈകുന്നേരത്തോടെ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു.
ഇപ്പോൾ രഹസ്യ കേന്ദ്രത്തിൽ പോലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രാഖിയെ ഇല്ലാതാക്കുന്നതിന് അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.
കൊലപാതകം നടത്തിയ വിധവും മൃതദേഹം കുഴിച്ച് മൂടിയതെല്ലാം പിടിയിലായ ആദർശ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാഹുൽ കേരളത്തിൽ തന്നെയുണ്ടാകാമെന്ന് പോലീസിന് നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും പൂവാർ എസ്ഐ സജീവിന്റെ നേതൃത്വത്തിലുള്ള മറ്റൊരുസംഘം തമിഴ്നാട്ടിലും അന്വേഷണം നടത്തിയിരുന്നു.
അതേസമയം അഖിൽ ഡൽഹിയിലും ലഡാക്കിലും ഇല്ലെന്ന് പോലീസ്. അഖിലിനെ പിടികൂടുന്നതിന് ഡൽഹിയിലേക്ക് പോയ കേരളാ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അഖിൽ ഡൽഹിയിലും ലഡാക്കിലും ഇല്ലെന്ന വിവരം വ്യക്തമായത്.
പാരാമിലിട്ടറി 218 റെജിമെന്റിലെ ഡ്രൈവർ കം മെക്കാനിക്ക് വിഭാഗത്തിൽ സൈനികനായാണ് അഖിൽ ജോലി ചെയ്ത് വന്നിരുന്നത്. ഇയാളുടെ ബെയ്സ് യൂണിറ്റ് പശ്ചിമ ബംഗാളിലാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പിടികൂടുന്നതിന് പോലീസ് സംഘം സൈനിക ഉദ്യോഗസ്ഥരുടെ സഹായം തേടി ഡൽഹിയിൽ കഴിയുകയാണ്. പൊഴിയൂർ എസ്ഐ പ്രസാദിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് ഡൽഹിയിലുള്ളത്.
സംഭവ ശേഷം ഇയാൾ മിലിറ്ററി ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. അന്വേഷണ സംഘം അഖിലിന്റെ സുഹൃത്തുക്കളെ കണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഇയാളുടെ യാത്രാ വിവരങ്ങളും ശേഖരിച്ച്തുടങ്ങി.
രാഖിയെ അഖിൽ നേരത്തെ വിവാഹം ചെയ്തിരുന്നുവെന്നും ഇത് മറച്ച് വച്ചാണ് മറ്റൊരു യുവതിയുമായുള്ള വിവാഹ നിശ്ചയം നടത്തിയതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതറിഞ്ഞ് അഖിലിനോട് രാഖി കയർത്ത് സംസാരിച്ചതും താനുമായുള്ള വിവാഹ കാര്യം പരസ്യപ്പെടുത്തുമെന്ന് രാഖി പറഞ്ഞതുമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിൽ നിന്ന് കിട്ടിയ താലിമാല എറണാകുളത്തെ ഒരു ആരാധനാലയത്തിൽ വച്ച് അണിയിച്ചതാണെന്നും പോലീസ് കരുതുന്നു.
നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഖിയുടെ കൊലപാതക കേസ് അന്വേഷിക്കുന്നത്. പ്ലാസ്റ്റിക് ചരടുപോലുള്ള വസ്തു കൊണ്ട് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടെന്ന് ജീർണിക്കാനായി വസ്ത്രങ്ങൾ മാറ്റിയ ശേഷമായിരുന്നു കുഴിച്ച് മൂടിയത്. കാണാതായ വസ്ത്രങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്.