അന്പൂരി : മാലിന്യ കൂന്പാരമായി മാറിയ അന്പൂരി പഞ്ചായത്ത് കുളത്തിനുശാപമോക്ഷം. അന്പൂരി മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് കെയറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി കുളത്തിലെ മാലിന്യങ്ങൾ നീക്കം ആരംഭിച്ചു.
കുളം ശുചീകരിക്കുന്നതിനു പഞ്ചായത്ത് അധികൃതർക്കും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾക്കും പലതവണ നിവേദനങ്ങൾ കൊടുത്തിട്ടും തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലാണ് യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത് എന്നു നാട്ടുകാർ പറയുന്നു.
നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന ഈ കുളം നീന്തൽക്കുളമായും മീൻ വളർത്തലിനുമായി ഇതിനു മുന്‍പ് ഉപയോഗിച്ചിരുന്നു. പിന്നീട് വർഷങ്ങളായി മാലിന്യ കൂന്പാരമായി മാറുകയായിരുന്നു. അന്പൂരി ജംഗ്ഷനിൽ നിന്നും മലിന ജലം ഒഴുകി പോകുന്ന തോട് സ്വകാര്യ വ്യക്തി കെട്ടിയടച്ചതോടെ മലിന ജലം നേരിട്ട് കുളത്തിലേക്ക് ഒഴുകി എത്തുന്നത്.
മാത്രമല്ല സമീപ പ്രദേശത്തെ കടകളിലും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഈ കുളത്തിലേക്കാണ് എത്തിച്ചേരുന്നത്. ഇതിനെതിരെ പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ പ്രവർത്തകർക്കും നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ ചെറുവിരൽ പോലും അനക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഇ
തിനെതിരെ അടുത്തകാലത്ത് ബ്ലോക്ക് പഞ്ചായത്ത് മെന്പർ ഷാജഹാൻ കുടപ്പനമൂട് നിരാഹാരസമരം നടത്തിയിരുന്നു. ഒരാഴ്ചകാലമായി കുളത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള തുടർ നടപടി സ്വീകരിക്കുകയും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുകയും കുളത്തിനു ചുറ്റുമതിൽ കെട്ടി കുളം സംരക്ഷിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.