തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്ന ക്രൂരകൃത്യമെന്ന് പോലീസ്. കേസ് വഴിതിരിച്ചു വിടാൻ ആസൂത്രണ ശ്രമം നടന്നതായും പോലീസ് അറിയിച്ചു. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റെ മകള്‍ രാഖി മോളുടെ (25) മൃതദേഹമാണ് അമ്പൂരിക്കു സമീപം തട്ടാമുക്കിൽ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിലായതിനാൽ പീഡനം നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
കൊലപാതകത്തിനു പിന്നിൽ ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്മുക്കില് അഖില്‍ എസ്. നായർ എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ വീടിനു പിന്നിലെ പുരയിടത്തില്നിന്നാണു മൃതദേഹം കണ്ടെടുത്തത്. അഖിലുമായി രാഖി പ്രണയത്തിലായിരുന്നു. അഖിലിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.