വെള്ളറട: അമ്പൂരിയില്‍ രാഖി(30)എന്ന യുവതിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഉപ്പു ചേര്‍ത്തു കുഴിച്ചുമൂടിയ സംഭവുമായിബന്ധപ്പെട്ട് രാഖിയുടെ സിം ഉപയോഗിക്കാനായി കാട്ടാക്കടയില്‍ നിന്ന് വാങ്ങിയ ഫോണിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു.
കാമുകനായ അഖിൽ, രാഹുല്‍, ആദര്‍ശ് എന്നിവർ ചേര്‍ന്ന് രാഖിയെക്കൊന്ന് ഉപ്പു ചേര്‍ത്തു കുഴിച്ചു മൂടിയ ശേഷം രാഖിയുടെ സിം ഉപയോഗിച്ച് മെസേജ് അയക്കുന്നതിനായി വാങ്ങിയ മൊബൈല്‍ഫോണ്‍ ആണ് പോലീസ് കണ്ടെടുത്തത്.രാഖിയുടെ മൊബൈല്‍ ഫോണ്‍ ഫിംഗര്‍ ടിപ്പ് ഉപയോഗിച്ച് ഓപ്പണ്ചെയ്യുന്ന രീതിയില്‍ സെറ്റുചെയ്തതിനാല് മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
അഖില്‍ മറെറാരു ഫോണിലേക്കു സിം ഇട്ടു രാഖിയുടെ പ്രീയപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാന്‍ മെസേജ് ചെയ്യുകയായിരുന്നു. വാഴിച്ചല്‍ കള്ളിക്കാട് റോഡില്‍ കളിവിളാകത്തിനുസമീപത്തുനിന്ന് വലിച്ചെറിയപ്പെട്ട നിലയില്‍ തകര്‍ന്ന ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാട്ടാക്കടയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നുവാങ്ങിയ വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് സെറ്റാണെന്നു തിരിച്ചറിഞ്ഞു.
രാഖിയുടെ ബാഗ് വസ്ത്രങ്ങള്‍ ഇവ ഇനിയും കണ്ടെത്തുന്നതിയായുള്ള അന്വേഷണം തുടരുകയാണ്. ഇന്നലെ രഹസ്യമായിട്ടാണ് തെളിവെടുപ്പിന് പോലീസ് പ്രതികളുമായി എത്തിയത്. പുവ്വാര്‍ പോലീസ്സാണ് തെളിവെടുപ്പിന് പ്രതികളുമായി എത്തിയത്.