മുക്കം: മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അഡ്മിഷൻ നിഷേധിച്ചതിനെ തുടർന്ന് രോഗി ആംബുലൻസിൽ കിടന്നത് ഒന്നര മണിക്കൂർ. മെഡിക്കൽ കോളേജിൽ നിന്ന് മുക്കം സിഎച്ച്സി യിലേക്ക് റഫർ ചെയ്ത വാരിയെല്ലൊടിഞ്ഞ വൃദ്ധയ്ക്കാണ് ആശുപത്രി ജീവനക്കാർ പ്രവേശനം നിഷേധിച്ചത് . ചാത്തമംഗലം കളൻതോട് സ്വദേശി ജാനുവിവാണ് വേദന കടിച്ചമർത്തി ഒന്നര മണിക്കൂറോളം ആംബുലൻസിൽ കിക്കേണ്ടി വന്നത് .
കഴിഞ്ഞ തിങ്കളാഴ്ച വീട്ടുമുറ്റത്ത് വീണതിനെ തുടർന്നാണ് ജാനുവിന്റെ വാരിയെല്ലൊടിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സിച്ചു. പിന്നീട് ഇവിടെ ആവശ്യത്തിന് കിടക്ക ഇല്ലാതായതോടെ ഇവരെ മുക്കം സിഎച്ച്സിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വൈകീട്ട് ആറരയോടെയാണ് ജാനുവും മകളും മുക്കം സിഎച്ച്സിയിൽ എത്തിയത്. മെഡിക്കൽ കോളജിൽ നിന്ന് റഫർ ചെയ്ത ശീട്ട് ഡൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നൽകിയെങ്കിലും രോഗിയെ പ്രവേശിപ്പിക്കാൻ ആശുപത്രിയിലെ ജീവനക്കാർ തയാറായില്ല. ഡോക്ടറില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ.
നഴ്സിനോട് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. മെഡിക്കൽ ഓഫീസറുടെയോ മറ്റു ഡോക്ടർമാരുടെയോ ഫോൺ നമ്പർ ചോദിച്ചെങ്കിലും തനിക്ക് അറിയില്ലെന്നായിരുന്നു നഴ്സിന്റെ മറുപടി. ഇതോടെ അറ്റൻഡറും സെക്യൂരിറ്റി ജീവനക്കാരനും അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും ഇവർ പറഞ്ഞു.
തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജിലോ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലോ പ്രവേശിപ്പിക്കാനായിരുന്നു അറ്റൻഡറുടെ മറുപടി. പരാതി നൽകിയാൽ ഇനിയൊരിക്കലും സിഎച്ച്സി യിൽ നിന്ന് ചികിത്സ ലഭിക്കില്ലെന്നും ഇവർ പറഞ്ഞു.
വേഗമൊന്ന് ഇറങ്ങിത്തന്നാൽ ഗെയ്റ്റടയ്ക്കാമെന്ന നിലപാടിലായിരുന്നു സെക്യൂരിറ്റി ജീവനക്കാരൻ. തുടർന്ന് ഇവർ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് മുക്കം എസ്ഐ സിഎച്ച്സി യിലെ ഡോ. ഷാജിയെ ബന്ധപ്പെട്ടു.
ആശുപത്രിയക്ക് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു അസി. മെഡിക്കൽ ഓഫീസർ കൂടിയായ ഡോ. ഷാജി. ഡോക്ടർ കുറിപ്പ് നൽകിയതിനെ തുടർന്നാണ് എട്ടേകാലോടെ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ജീവനക്കാർ തയാറായത്. രോഗിയെ ആംബുലൻസിൽ നിന്ന് ഇറക്കാനോ മറ്റു കാര്യങ്ങൾക്കോ ആശുപത്രിയിലെ ജീവനക്കാർ തയാറായില്ല. മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ആംബുലൻസ് ഡ്രൈവറുമെല്ലാം ചേർന്നാണ് രോഗിയെ ആശുപത്രി കിടക്കയിലേക്ക് മാറ്റിയത്. ഇത്രയും നേരം റോഡരികിൽ നിർത്തിയിട്ട ആംബുലൻസിൽ കിടക്കുകയായിരുന്നു ജാനു.