സ്വന്തം ലേഖകൻ
തൃശൂർ: മനസിൽ മുപ്പതിലധികം യാത്രക്കാരുടെ മുഖം മാത്രമായിരുന്നു, അവരെ എങ്ങിനെയെങ്കിലും സുരക്ഷിതമായി എത്തിക്കുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം…
ഷോളയാർ ആനമല റോഡിൽ ഒറ്റയാന്റെ മുന്നിൽ പെട്ട ചീനിക്കാസ് എന്ന സ്വകാര്യ ബസ് എട്ടു കിലോമീറ്ററോളം പിന്നോട്ടോടിച്ച് യാത്രക്കാരെ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷിച്ച ബസ് ഡ്രൈവർ അംബുജാക്ഷന് റിവേഴ്സ് യാത്ര റീവൈൻഡ് ചെയ്തോർക്കുന്പോൾ കണ്ണിലും വാക്കിലും നടുക്കം വിട്ടൊഴിയുന്നില്ല.
ഇന്നലെ രാവിലെ ഒൻപതിന് ചാലക്കുടി-വാൽപ്പാറ റൂട്ടിൽ അന്പലപ്പാറ മുതൽ ആനക്കയം വരെയാണ് ബസ് പിന്നോട്ടോടിച്ചത്. അംബുജാ ക്ഷന്റെ വാക്കുകൾ: മുപ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. ആനയെ കണ്ടതോടെ യാത്രക്കാർ പേടിച്ചു.
അവരെ ശാന്തരാക്കിയിരുത്തി. മുന്നോട്ടെടുത്താൽ അപകടമുറപ്പാണെന്ന് മനസിലായതോടെ രണ്ടും കൽപ്പിച്ച് ബസ് പിന്നിലേക്കെടുത്തു. മുപ്പതു വർഷത്തോളമായി സ്ഥിരം പോകുന്ന റൂട്ടായതിനാൽ വഴി നല്ല പരിചയമായിരുന്നു.
വളവും തിരിവും ഏറെയുള്ള, വശങ്ങളിൽ ആഴത്തിലുള്ള ഗർത്തങ്ങളുള്ള റൂട്ടാണ്. പോരാത്തതിന് വഴിയിൽ മറ്റു ടൂറിസ്റ്റ് വണ്ടികളും.കണ്ടക്ടർ ജോസും യാത്രക്കാരിൽ ചിലരും പിന്നിലെ വണ്ടികളോട് വഴിമാറാൻ പറഞ്ഞുകൊണ്ട് റൂട്ട് ക്ലിയർ ചെയ്തതോടെ ബസ് റിവേഴ്സ്ഗിയറിൽ പാഞ്ഞു.
മുന്നിൽ നിന്നും ഓടി വരുന്ന ഒറ്റയാൻ ‘കബാലി’യിലേക്കും പിന്നിലെ വഴി കാണാനായി റിയർവ്യൂ മിററിലേക്കും നോക്കിനോക്കി എട്ടു കിലോമീറ്റർ പിന്നിലേക്ക് പായുകയായിരുന്നു.
യാത്രക്കാരിൽ ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. ഒടുവിൽ ആനക്കയത്തു വച്ച് ആന കാട്ടിലേക്ക് കയറിപ്പോകും വരെ ടെൻഷൻ തന്നെയായിരുന്നു.
ആ റൂട്ടിൽ രാവിലെയായതിനാൽ വണ്ടികൾ കുറവായിരുന്നു. എങ്കിലും അന്പതോളം വാഹനങ്ങൾ പിന്നോട്ടോടിച്ചാണ് ബസ് ആനക്കയം വരെയെത്തിയത്.
സുരക്ഷിതമായ സ്ഥലത്ത് ബസ് നിർത്തിയപ്പോൾ യാത്രക്കാർ കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തിരുന്നു. ഞാൻ മനസിൽ എല്ലാ ദൈവങ്ങൾക്കും നന്ദി പറയുകയായിരുന്നു. അപകടമൊഴിവാക്കിത്തന്നതിന്…