കോടാലി: അരയേക്കറോളം സ്ഥലത്ത് 17 ഇനം പച്ചക്കറികൾ വിളയിച്ച് പുതിയൊരു കൃഷിപാഠമൊരുക്കുകയാണ് മറ്റത്തൂരിലെ ജനപ്രതിനിധിയായ പി.എസ്.അംബുജാക്ഷൻ. മറ്റത്തൂർ പഞ്ചായത്തിലെ 12ാം വാർഡ് അംഗമായ അംബുജാക്ഷൻ തിരക്കേറിയ പൊതു പ്രവർത്തനത്തിനിടയിലും കൃഷിയെ കൈവിടാതെ ചേർത്തുപിടിക്കുന്നു.
കടന്പോട് കലിത്താഴത്തുള്ള 42 സെന്റ് സ്ഥലത്താണ് സമ്മിശ്രകൃഷിയിൽ പുതിയ പരീക്ഷണം നടത്തി അംബുജാക്ഷൻ നൂറുമേനി കൊയ്യുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കുന്ന കപ്പകൃഷിയാണ് പ്രധാനമായും ഇവിടെ ചെയ്തിട്ടുള്ളത്. സാധാരണയായി കപ്പതോട്ടത്തിൽ മറ്റുകൃഷികളൊന്നും നടത്താറില്ല. കളകളെ പ്രതിരോധിക്കുന്നതോടൊപ്പം പച്ചക്കറി വിളയിച്ചെടുക്കാനും കൂടി ലക്ഷ്യമിട്ടാണ് കപ്പത്തോട്ടത്തിൽ വിവിധയിനം പച്ചക്കറികൾ നട്ടുകൊണ്ട് അംബുജാക്ഷൻ പുതിയ പരീക്ഷണത്തിനൊരുങ്ങിയത്.
വെണ്ട, വെള്ളചീര, ചുവന്ന ചീര, ചോളം, കോളിഫ്ളവർ, മത്തൻ, കുന്പളം, തക്കാളി, പയർ, വഴുതന, പച്ചമുളക് തുടങ്ങി 17 ഇനം പച്ചക്കറികളാണ് ഇങ്ങനെ കൃഷി ചെയ്തത്. കപ്പകൃഷിക്ക് മണ്ണിടുന്നതിനായി ഉണ്ടാക്കിയ ചാലുകളിൽ നവര ഇനത്തിലുള്ള നെല്ലും കൃഷി ചെയ്തു. കൂടാതെ കൃഷിത്തോട്ടത്തിനു ചുറ്റുമായി നേന്ത്രവാഴകളും നട്ടു. ദിവസവും രാവിലെ കൃഷിത്തോട്ടത്തിലെത്തുന്ന അംബുജാക്ഷൻ കാർഷിക പണിൾക്കു ശേഷമാണ് പഞ്ചായത്തോഫീസിലും വാർഡിലെ വിവിധ പ്രദേശങ്ങളിലും എത്തുന്നത്. സഹായിയായി ഭാര്യ അജിയും ഒപ്പമുണ്ടാകും.
രാസവളവും കീടനാശിനിയും പൂർണമായും ഒഴിവാക്കി ജൈവ രീതിയിലാണ് അംബുജാക്ഷൻ കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഉൽപ്പന്നങ്ങൾ വിൽക്കാനും പ്രയാസം നേരിടാറില്ലെന്ന് അംബുജാക്ഷൻ പറഞ്ഞു. ഡിസംബർ ആദ്യം മുതലാണ് പച്ചക്കറി വിളവെടുത്ത് തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ചുക്വിന്റലോളം പച്ചക്കറികളാണ് 42 സെന്റ് സ്ഥലത്ത് നിന്ന് വിളവെടുത്തത്.
ഇനിയും ഒരു മാസം കൂടി അംബുജാക്ഷന്റെ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ മിക്കതും സഹോദരപുത്രനായ യുവ എൻജിനീയർ പി.എസ്. പ്രദീപിന്റെ ഫാർമേഴ്സ് ഫ്രെഷ് സോണ് എന്ന വെബ്്സൈറ്റിലൂടെയാണ് വിറ്റഴിക്കപ്പെടുന്നത്. ഉൽപ്പന്നങ്ങൾ അധികമുള്ളപ്പോൾ കോടാലിയിലെ സ്വാശ്രയകർഷക ചന്തയിലേക്കും കുടുംബശ്രീയുടെ പച്ചക്കറിചന്തയിലേക്കും നൽകാറുണ്ട്്. വീട്ടിലെ ഉപയോഗത്തിനുള്ള പച്ചക്കറി മുഴുവനായും സ്വന്തം അധ്വാനത്തിലൂടെയാണ് അംബുജാക്ഷൻ വിളയിക്കുന്നത്.
മരച്ചീനി പോലുള്ള വിളകൾ കൃഷി ചെയ്യുന്പോൾ തോട്ടത്തിൽ ബാക്കിയാവുന്ന സ്ഥലത്ത് ഇത്തരത്തിൽ പച്ചക്കറി ഉൽപ്പാദിപ്പിച്ചെടുക്കാനാവുമെന്ന് തെളിയിച്ചിരിക്കയാണ് മികച്ച കർഷകൻ കൂടിയായ ഈ പഞ്ചായത്തംഗം. ദിവസേന രാവിലെ രണ്ടോ മൂന്നോ മണിക്കൂർ കൃഷിപ്പണികൾ ചെയ്താൽ സ്വന്തം അധ്വാനത്തിൽ വിളയുന്ന വിഷമില്ലാത്ത പച്ചക്കറി ഉണ്ടാക്കാനും പൊതുപ്രവർത്തന രംഗത്തെ മാനസിക സംഘർഷം ഇല്ലാതാക്കാനും കഴിയുമെന്ന് അംബുജാക്ഷൻ പറയുന്നു