നാദാപുരം: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിലെ ഏക ആംബുലൻസ് കട്ടപ്പുറത്തായിട്ട് മാസങ്ങളായെങ്കിലും അധികൃതർക്ക് അനക്കമില്ല ഇതിനിടയിൽ നാഥനില്ലാത്ത അവസ്ഥയിൽ ആംബുലൻസ് തുരുമ്പെടുത്ത് നശിക്കുകയാണ്. ബിനോയ് വിശ്വം എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു അന്ന് ആംബുലൻസ് വാങ്ങിയത്. വാഹനത്തിന് സ്ഥിരം ഡൈവറെ നിയമിച്ചിരുന്നില്ല. 2018ൽ എച്ച്എംസി യോഗത്തിലാണ് ഡ്രൈവറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനുള്ള തീരുമാനമെടുത്തത്.
ഇക്കാലയളവിൽ നിരവധി തവണ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പലയിടങ്ങളിലെയും വർക്ക് ഷോപ്പുകളിൽ കിടന്ന ആംബുലൻസ് ഓരോ പ്രാവശ്യവും ജനങ്ങളുടെ മുറവിളിയെ തുടർന്ന് വൻതുക ചിലവഴിച്ചാണ് തകരാർ പരിഹരിച്ച് ആശുപത്രിയിൽ എത്തിച്ചത്. ആംബുലൻസ് കട്ടപ്പുറത്തായതോടെ കഷ്ടപ്പെടുന്നത് ആദിവാസികൾ അടക്കമുള്ള സാധാരണക്കാരായ ജനങ്ങളാണ്.
നേരത്തെ റോഡപകടത്തിൽപ്പെട്ട വിദ്യാർഥിനിയെ നാദാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് ലഭിക്കാത്തതിനാൽ രക്തം വാർന്ന് മരിച്ച സംഭവം ഉണ്ടായിരുന്നു.
വാഹനത്തിന്റെ ഇപ്പോഴത്തെ തകരാർ പരിഹരിക്കാൻ അറുപതിനായിരം രൂപയോളം വേണ്ടി വരുമെന്നാണ് ക്കണക്കാക്കുന്നത്. അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുന്ന ഒരു മനുഷ്യ ജീവനെ കണക്കിലെടുക്കുമ്പോൾ ഈ തുക ഒന്നുമല്ല. എങ്കിലും അധികൃതർ ഉറക്കം നടിക്കുകയാണ്.