ആശുപത്രിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ആനക്കല്‍ ഭാഗത്ത് വെച്ചാണ് ആംബുലന്‍സ് കണ്ടെത്തിയത്. റോഡില്‍ വെച്ച് നിന്നു പോയ വാഹനം തള്ളാന്‍ കുട്ടി നാട്ടുകാരുടെ സഹായം തേടിയതാണ് വഴിത്തിരിവായത്.
കുട്ടി ഡ്രൈവറെ കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. ഈ സമയം ആംബുലന്‍സിന്റെ ഡ്രൈവര്‍ സ്ഥലത്തേക്ക് എത്തി.
തുടര്‍ന്ന് ആംബുലന്‍സിനെയും കുട്ടിയേയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പതിനഞ്ച് വയസുകാരനായതിനാല് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
കഴിഞ്ഞ നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.
ഇന്ന് ആശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ താക്കോല്‍ വാഹനത്തില്‍ വെച്ച് ശുചിമുറിയിലേക്ക് പോയി. ഈ തക്കത്തിന് കുട്ടി ആംബുലന്‍സ് ഓടിച്ച് സ്ഥലം വിട്ടെന്നാണ് വിവരം.
ഏകദേശം 30 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നഗരത്തില്‍ വലിയ തിരക്കുണ്ടായിട്ടും അപകടമുണ്ടായില്ലെന്നാതാണ് ആശ്വാസകരം.
കുട്ടിക്ക് വാഹനമോടിച്ച് പരിചയമില്ലെന്നും ഇതുവരെ കാര്‍ വീട്ടുമുറ്റത്തിട്ട് തിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വീട്ടുകാരും പറയുന്നു.