ഉന്നതരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനുമായി സാധാരണക്കാരന്റെ അവകാശങ്ങളെ നിഷേധിക്കുന്നത് സാധാരണമാവുകയാണ്. സമാനമായ സംഭവമാണ് ഇക്കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്നത്. അപകടത്തില്‍പ്പെട്ട് ചോരയൊലിപ്പിച്ച് കിടക്കുന്ന കുട്ടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനെ വിഐപിക്ക് കടന്നുപോകുന്നതിനായി റോഡില്‍ തടഞ്ഞുവെച്ചു. ന്യൂഡല്‍ഹിയിലെ തിരക്കേറിയ റോഡുകളിലൊന്നിലാണ് ആംബുലന്‍സിനെ ഏതാനും മിനിറ്റുകള്‍ തടഞ്ഞിട്ട് വി.ഐ.പിക്ക് സുരക്ഷിതമാര്‍ഗമൊരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായപ്പോള്‍, പ്രതിക്കൂട്ടിലായത് ഇന്ത്യയുടെ മാന്യത തന്നെ. ആംബുലന്‍സില്‍ സ്ട്രെക്ചറില്‍ കിടക്കുകയായിരുന്നു കുട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏതാനും ഏതാനും ആളുകള്‍ പോലീസുമായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
റോഡിന് കുറുകെ ബാരിക്കേഡ് സ്ഥാപിച്ച പോലീസ്, വിഐപി കടന്നുപോകുന്നതുവരെ ആംബുലന്‍സ് തടഞ്ഞുവെച്ചു. അതോടെ, ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ പെടുകയും ചെയ്തു. കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതാണോ വി.ഐ.പിയുടെ യാത്രയെന്ന് നാട്ടുകര്‍ ചോദിച്ചിട്ടും പോലീസ് വഴങ്ങിയില്ല. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത് 14-ാം നമ്പര്‍ ഗേറ്റിലാണ് സംഭവം നടന്നത്. മലേഷ്യന്‍ പ്രസിഡന്റിന് കടന്നുപോകുന്നതിന് വേണ്ടിയാണ് റോഡ് ബ്ലോക്ക് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ എണ്ണായിരത്തോളം പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. മൂന്നരലക്ഷത്തിലേറെപ്പേര്‍ വീഡിയോ കാണുകയും ചെയ്തിട്ടുണ്ട്. പ്രോട്ടോക്കോള്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എംഎസ് രണ്‍ധാവ പറഞ്ഞു. ആംബുലന്‍സിന് കടന്നുപോകാന്‍ പോലീസൂകാര്‍ തന്നെ പിന്നീട് വഴിയൊരൂക്കുകയും ചെയ്തു. കുട്ടിയുടെ ബന്ധുക്കള്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.