71കാരി ബെറിൽ ഗുഡ് ഒരിക്കലും ആംബുലൻസിൽ സഞ്ചരിച്ചിട്ടില്ല. എന്നാലും ഇത്തരം അടിയന്തര വാഹനങ്ങളുടെ എണ്ണത്തിൽ ഒരിക്കലും കുറവു വരരുതെന്ന് അവർ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് തനിക്കു കിട്ടിയ ഒരു സമ്മാനത്തുക ഉപയോഗിച്ച് അവർ ഒരു ആംബുലൻസ് വാങ്ങാൻ തീരുമാനിച്ചത്. വാങ്ങിയ ആംബുലൻസ് അടുത്തുള്ള ഒരു ആശുപത്രിക്ക് ദാനം ചെയ്യുകയും ചെയ്തു. തന്റെയും ഭർത്താവിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് ഡൊബേഗോ എന്ന പേരാണ് ആംബുലൻസിനു നൽകിയത്.
ആംബുലൻസ് ദാനം ചെയ്ത് മൂന്നുമാസത്തിനുശേഷം ബെറിൽ വീടിന്റെ മുറ്റത്തൊന്നു വീണു. വീഴ്ചയിൽ അവരുടെ താടിക്കും കാലിനും പരിക്കുപറ്റി. ഭർത്താവ് ഉടൻതന്നെ ആംബുലൻസ് വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീട്ടുമുറ്റത്തെത്തിയ ആംബുലൻസ് കണ്ട് ആ ദന്പതികളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. തങ്ങൾ ദാനം ചെയ്ത ഡൊബേഗോയാണ് ബെറിലിനെ കൊണ്ടുപോകാന്‍ എത്തിയിരിക്കുന്നത്.
കാര്യമായ പരിക്കുകളൊന്നുമില്ലായിരുന്നതുകൊണ്ട് തന്റെ ആദ്യ ആംബുലൻസ് യാത്ര ബെറിൽ കാര്യമായി തന്നെ ആസ്വദിച്ചു. കഴിഞ്ഞ മൂന്നുമാസങ്ങൾകൊണ്ട് 20,000മൈൽ ആംബുലൻസ് സഞ്ചരിച്ചുകഴിഞ്ഞു.