ലക്നോ: കന്നുകാലികൾക്കുവരെ ആംബുലൻസ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്ന ഉത്തർപ്രദേശിൽ പാവങ്ങളുടെ മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസ് ഇല്ല. കഴിഞ്ഞ ദിവസം അട്ര റെയിൽവേ സ്റ്റേഷനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ രാമസർ എന്ന ആളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സൈക്കിൾ റിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
റെയിൽവേ അധികൃതർ ആംബുലൻസിനായി വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ആരും തയാറായില്ല. തുടർന്നു നഗരത്തിലെ ആശുപത്രിയിലേക്കു മൃതദേഹം റിക്ഷയിൽ കൊണ്ടുപോകാൻ ബന്ധുക്കളോട് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർക്കൊപ്പം ആശുപത്രിയിലേക്കുപോയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ യാത്രചെയ്തത് ഇ-റിക്ഷയിലാണ്.
സൂപ്രണ്ട് ഓഫ് പോലീസ്, ഡിഐജി, കമ്മീഷണർ ഹൗസ്, പോലീസ് ഹൗസ് തുടങ്ങി നിരവധി വിഐപികൾ താമസിക്കുന്ന സ്ഥലങ്ങളിലൂടെയാണ് മൃതദേഹവുമായി റിക്ഷയിൽ പോയതെന്നും എന്നാൽ ആരും തങ്ങളെ സഹായിച്ചില്ലെന്നും രാമസറിന്‍റെ ബന്ധുകൾ അറിയിച്ചു.