കട്നി: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് നടന്ന് ആശുപത്രിയിലേക്കു പോയ ഗർഭിണി വഴിയിൽ ജൻമം നൽകിയ കുഞ്ഞ് നിലത്തുവീണു മരിച്ചു. മധ്യപ്രദേശിലെ കട്നിയിലാണ് ദാരുണസംഭവം. ബാർമനി ഗ്രാമവാസിയായ ബീന ജൻമം നൽകിയ കുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ച പ്രസവവേദന കലശലായതിനെ തുടർന്ന്, ഏഴുമാസം ഗർഭിണിയായ ബീനയെ ആശുപത്രിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചു. എന്നാൽ സമീപത്തെ ബാർഹി ആരോഗ്യ കേന്ദ്രത്തിൽനിന്ന് ആംബുലൻസ് ലഭിച്ചില്ല. ഇതേതുടർന്ന് ഭർത്താവിനൊപ്പം 20 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കു നടന്നുപോകാൻ ബീന തീരുമാനിക്കുകയായിരുന്നു.
നടന്ന് ബാർഹി ടൗണിലെ പോലീസ് സ്റ്റേഷനു സമീപമെത്തിയപ്പോൾ ബീന പെണ്‍കുഞ്ഞിനു ജൻമം നൽകി. നിലത്തുവീണ കുഞ്ഞ് തത്സമയം മരിച്ചു. അതേസമയം, പൂർണവളർച്ചയെത്തുന്നതിനു മുന്‍പ് പുറത്തുവന്നതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആംബുലൻസിനായി വിളിച്ചിരുന്നെങ്കിലും വാഹനം അയച്ചുനൽകാൻ പ്രാഥമിക ആരോഗ്യകേന്ദ്രം അധികൃതർ തയാറായില്ലെന്ന് ബീനയുടെ ഭർത്താവ് ആരോപിച്ചു. എന്നാൽ ഗർഭിണിയായ സ്ത്രീകൾക്കുവേണ്ടിയുള്ള ജനനി എക്സ്പ്രസ് തങ്ങളുടെ നിയന്ത്രണത്തിൽ അല്ലെന്നാണ് ബാർഹി പ്രാഥമിക ആരോഗ്യ കേന്ദ്രം നൽകുന്ന വിശദീകരണം. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.