നാദാപുരം: രോഗിയുമായി കല്ലാച്ചി ടൗണിലൂടെ പോകുകയായിരുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതിരുന്ന സ്വകാര്യ കാർ ഡ്രൈവർക്കെതിരെ പോലീസ് നടപടി. മുടവന്തേരി സ്വദേശിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കല്ലാച്ചി മെയിൻ റോഡിൽ വച്ചായിരുന്നു സംഭവം.
കല്ലാച്ചിയിൽ നിന്ന് രോഗിയുമായി നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്.സൈറൺ മുഴക്കി ഹോണടിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ മുടവന്തേരി സ്വദേശിയായ യുവാവിന്റെ കാർ മാർഗ്ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു.
ഹോണടിച്ച് പിടിച്ചിട്ടും വഴിയൊരുക്കാതായപ്പോൾ ടൗണിൽ ഗതാഗത പാലനത്തിലുണ്ടായിരുന്ന ഹോംഗാർഡ് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന പോലീസ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന പോലീസുകാർ കാർ മാറ്റി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
കാർ മാറ്റി നിർത്തിയ ഇയാൾ വണ്ടിയിൽ നിന്നിറങ്ങി പോലീസുകാരോട് തർക്കിക്കുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാരും തടിച്ച് കൂടി. കാറിൽ സ്ത്രീകളടക്കമുണ്ടായിരുന്നതിനാൽ പോലീസ് നോട്ടീസ് നൽകി വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം കാർ വിട്ടയക്കുകയായിരുന്നു.