വടക്കാഞ്ചേരി: രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് മെയിൽ നഴ്സ് മരിച്ചു. അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നു രാവിലെ 11 മണിയോടെ തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. മെയിൽ നഴ്സ് ജിബു (32) ആണ് മരിച്ചത്.
പാലക്കാട് പാലന ആശുപത്രിയിൽ നിന്ന് രോഗിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.
മറികടക്കാനായി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെയാണ് ആംബുലൻസ് സമീപത്തെ പഴയ വെയർ ഹൗസിന്റെ ചുമരിൽ ഇടിച്ചു മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്ട്സ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.