കടുത്തുരുത്തി: റോഡിലെ വളവിൽ കോൺക്രീറ്റ് കട്ടിങ്ങിൽനിന്ന് തെന്നിമാറിയ ആംബുലൻസ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞ് കിടപ്പുരോഗി മരിച്ചു. പോത്താനിക്കാട് പുൽപ്പറയിൽ ബെൻസനാ (35) ണ് മരിച്ചത്. മൂന്നു പേർക്കു പരിക്കേറ്റു. സഹോദരൻ ജെക്സണും ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെഞ്ഞാറമൂട് കാട്ടിൽ പുത്തൻവീട്ടിൽ ശിവപ്രസാദ്, അയൽവാസിയും സുഹൃത്തുമായ ബൈജു എന്നിവർക്കാണ് പരിക്കേറ്റത്
. ജെക്സനെ പിറവം താലൂക്ക് ആശുപത്രിയിലും ശിവപ്രസാദിനെയും ബൈജുവിനെയും ആദ്യം വൈക്കം പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് മൂവാറ്റുപുഴ നിർമല ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ വൈകുന്നേരം 7.15 ഓടെ പെരുവ-പിറവം-പെരുവംമൂഴി റോഡിൽ മുളക്കുളം വടുകുന്നപ്പുഴ ജംഗ്ഷന് സമീപമാണ് അപകടം.
ഏതാനും വർഷം മുമ്പുണ്ടായ വീഴ്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റ് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടമായ ബെൻസൺ വൈക്കത്ത് ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ ചികിത്സിലായിരുന്നു.ഇന്നലെ രാവിലെ പോത്താനിക്കാട്ടെ വീട്ടിൽനിന്ന് ആംബുലൻസിൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് അപകടം.
സഹപാഠിയായ കരിമണ്ണൂർ സ്വദേശി ജിറ്റ്സ് ജോർജ്, ബെൻസന് ഉപയോഗിക്കാനുള്ള വീൽചെയറുകളുമായി ഓട്ടോറിക്ഷയിൽ ഒപ്പം പോയി. വടുകുന്നപ്പുഴ ക്ഷേത്രം മുതൽ എസ്എൻഡിപി കവല വരെയുള്ള ഭാഗം കോൺക്രീറ്റ് റോഡാണ്. ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് നിർമിച്ച് റോഡിനു വശങ്ങളിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. കോൺക്രീറ്റ് കട്ടിങ്ങിൽ കയറി ആംബുലൻസ് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആംബുലൻസിൽ കുടുങ്ങിപ്പോയ രോഗിയെയും മറ്റ് മൂന്ന് പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. വെള്ളൂരിൽനിന്ന് പോലീസും പിറവത്തുനിന്ന് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പോത്താനിക്കാട് പുൽപ്രയിൽ പരേതനായ ബേബിയുടെയും സ്റ്റെല്ലയുടെയും മകനാണ് മരിച്ച ബെൻസൺ. പരിക്കേറ്റ ജെൻസൺ, ബെൻസി എന്നിവർ സഹോദരങ്ങളാണ്.