കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് കോഴിക്കോട് നഗരത്തില്‍ കല്ലുത്താന്കടവിനു സമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ആറു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം.
നാദാപുരം കക്കംവള്ളി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിനു സമീപം മാണിക്കോത്ത് ചന്ദ്രന്റെ ഭാര്യ സുലോചന (57) യാണ് മരിച്ചത്. പരിക്കേറ്റവരിൽ സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്റെ നില ഗുരുതരമാണ്. ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍കോളജില്‍ ചികിത്സയി ലായിരുന്ന സുലോചനയെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദുരന്തം.
മരിച്ച സുലോചനയടക്കം ഏഴുപേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആസ്റ്റര്‍മിംസില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രന് ന്യൂറോ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അയല്‍വാസിയായ പ്രസീത, നഴ്സ് എന്നിവരും ഇവിടെ ചികിത്സയിലാണ്. മലബാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടർ, നഴ്സ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ആംബുലന്‍സ് മലബാര്‍ മെഡിക്കല്‍ കോളജിന്റേതാണ്. അപകടസമയത്ത് മഴ പെയ്ത് റോഡ് നനഞ്ഞിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് പൊട്ടി വീണു. വൈദ്യുതലൈന്‍ തകര്‍ന്നു. ഇടിയുടെ ശക്തിയില്‍ മൂന്നുപേര്‍ തെറിച്ചു പുറത്തുവീണു. അപകടത്തിൽപ്പെട്ട ഉടൻ ആംബുലൻസിനു തീപിടിച്ചു. ആംബുലന്‍സില്‍നിന്ന് തീപടര്‍ന്ന് തൊട്ടടുത്ത രണ്ടുകെട്ടിടങ്ങള്ക്കും തീപിടിച്ചു.
സ്ട്രെക്ചറില്‍ കിടക്കുകയായിരുന്ന സുലോചന ആംബുലന്‍സിനുള്ളില്‍ കുടുങ്ങിയനിലയിലായിരുന്നു. ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും സുലോചനയുടെ ദേഹം കത്തിക്കരിഞ്ഞിരുന്നു.
മീഞ്ചന്തയില്‍നിന്ന് രണ്ടു യൂണിറ്റ് ഫയര്എന്ജിന് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന് ഓഫീസര്‍ എം.കെ.പ്രമോദ് കുമാർ, എസ്.ബി. സജിത്ത്, അന്‍വര്‍ സാദിഖ്, പി.അനൂപ്, ബൈജുരാജ്, പ്രജിത്ത്, വേലായുധൻ,സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസംഘമാണ് തീ അണച്ചത്.