വൈക്കം: കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.
തലയോലപറമ്പ് മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാർ കോരിക്കൽ സ്വദേശിനി സനജ(35)യാണ് മരിച്ചത്.
ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേർന്ന് ഉടൻ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നു രാവിലെ ഒൻപതോടെ വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം.
പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അപകടം. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.