ഇടുക്കി: രാജാക്കാട് പന്നിയാര്‍കുട്ടിക്കു സമീപം കുളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണംവിട്ട് തോട്ടിലേക്കുമറിഞ്ഞ് രോഗിയായ വീട്ടമ്മ മരിച്ചു. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണു മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ ഇന്നു പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.
കുളത്രക്കുഴിയില്നിന്നു കയറ്റം കയറി വരുമ്പോഴുള്ള അമ്പഴത്തിനാല്പടി വളവില്‍ 10 അടി താഴ്ചയിലുള്ള തോട്ടിലേയ്ക്കാണു വാഹനം മറിഞ്ഞത്.
ഗുരുതര പരിക്കേറ്റ അന്നമ്മയെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
രാജാക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. നേരത്തെയും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പു പഞ്ഞി കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടു പേര് മരിച്ചിരുന്നു.
കൊടുംവളവില്‍ ക്രാഷ് ബാരിയര്‍ പോലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും സൂചനാ ബോര്‍ഡുകള്‍ കാണത്തക്കവിധം സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.