പുതിയതെരു: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു കയറി. ദേശീയപാതയിൽ പുതിയതെരു ഗീതാ ബാറിന് മുന്നിൽ ഇന്നു രാവിലെ ഒമ്പതിനാണ് അപകടം. ആർക്കും പരിക്കില്ല. പയ്യന്നൂരിൽ നിന്ന് രോഗിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ഗതാഗതക്കുരുക്കിനെ തുടർന്ന് മറുഭാഗത്ത് കൂടി കടന്നുപോകാൻ ശ്രമിക്കവെ കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ കയറുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. വളപട്ടണം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.