കായംകുളം: രോഗിയുമായി പോയ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കോഴിക്കടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി റികേഷ് (27 )ആണെന്ന് തിരിച്ചറിഞ്ഞു. കരീലക്കുളങ്ങര ജംഗ്ഷന് സമീപമുള്ള കോഴിക്കടയിലെ തൊഴിലാളിയായിരുന്നു. സ്കൂട്ടറിൽ പോകുന്പോൾ ഇന്നലെ രാത്രി പത്തോടെ സ്കൂട്ടർ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആംബുലൻസിൽ സഞ്ചരിച്ച മൂന്നുപേർക്ക് പരുക്കേറ്റു. ദേശീയ പാതയിൽ കരീലകുളങ്ങരക്കു വടക്കുഭാഗത്തു വച്ചായിരുന്നു അപകടം. കരുനാഗപ്പള്ളി തഴവയിൽ നിന്നും രോഗബാധിതനായ അബൂബേക്കർ കുഞ്ഞുമായി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്കു പോയ ആംബുലൻസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റികേഷിനെ ഹരിപ്പാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആംബുലൻസിൽ ഉണ്ടായിരുന്ന അബൂബേക്കർ കുഞ്ഞിനേയും ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞ്, കുഞ്ഞുമോൻ, സുബേർ കുട്ടി എന്നിവരെയും പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിശേഷം തകർന്നു.