പാലക്കാട്: തണ്ണിശേരിയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം ആംബുലൻസിന്റെ അമിതവേഗതയെന്ന് പ്രാഥമിക നിഗമനം. റോഡ് സേഫ്റ്റി അഥോറിറ്റിയിലെ ആക്സിഡന്റ് ഡാറ്റ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്.
ഇതേതുടർന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നല്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു. അമിതവേഗതയിൽ പാഞ്ഞുവന്ന ആംബുലൻസ് ലോറിയിലിടിക്കുകയായിരുന്നു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഈ നിഗമനത്തിലാണെത്തിയിരിക്കുന്നത്.
ആംബുലൻസ് ഡ്രൈവറുടെ ജാഗ്രതക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഇവരുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. റോഡിന്റെ ഘടനയും അപകടത്തിനിടയാക്കി. അതിനാൽ വീതി കൂട്ടി റോഡിന്റെ ഘടന മാറ്റാനും നിർദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് അപകടം പതിവാകുന്ന റെഡ് സ്പോട്ട് പട്ടികയിൽ ഈ പ്രദേശം ഉൾപ്പെടുത്താനും നിർദേശിച്ചു. തണ്ണിശേരി അപകടത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നല്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് നെന്മാറയിൽനിന്ന് ഒന്പതുപേരുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് മീൻ ലോറിയുമായി കൂട്ടിയിടിച്ച് നെന്മാറ, പട്ടാന്പി സ്വദേശികളായ എട്ടുപേർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പട്ടാന്പി സ്വദേശി ഷാഫി (13) പാലക്കാട് പാലന ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.