ആറ്റിങ്ങല്‍: ബൈക്ക് തെന്നിവീണ് പരിക്കേറ്റ യുവാവിനെ കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് യുവാ വ് മരിച്ചു. കല്ലമ്പലം ചാവര്‍കോട് ആശാരിമുക്ക് ഷാന്നിവാസില് ഷാജഹാന്-സോമിനി ദമ്പതിമാരുടെ മകന് ഷൈന്‍ (27) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വര്‍ക്കല അയിരൂരില്‍ ബൈക്ക് തെന്നിവീണ് ഷൈന്‍ ഗുരുതരമായി പരിക്കേറ്റു. പാരിപ്പള്ളി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ രാത്രി 11ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
പൂവമ്പാറ പാലത്തിന് നടുക്കുവച്ച് ആംബുലന്‍സ് എതിര്‍ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്സിനുളളിലുണ്ടായിരുന്ന ഷൈന്റെ തല ക്യാബിനിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചാവര്‍കോട് സ്വദേശി വിപിന്‍ (22)-നും പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിസാരപരിക്കുമാത്രമേയുള്ളൂ.
ഷൈനിനെയും വിപിനെയും ഉടന്‍തന്നെ മറ്റൊരുവാഹനത്തില്‍ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഷൈന്‍ അതിനോടകം മരണപ്പെട്ടു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. വിദേശത്തായിരുന്ന ഷൈന്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. പുതിയ ജോലിക്കായി ശ്രമം നടക്കുന്നതിനിടെയാണ് അപകടം പറ്റിയത്.