മുളങ്കുന്നത്തകാവ്: പോലിസിന്റെയും ആംബുലൻസ് ഡ്രൈവറുടെയും ഇടപെടൽ മൂലം ഹൃദയ സംബന്ധമായ രോഗം മൂർഛിച്ച ഒരു വയസുകാരനെ കോട്ടയം തിരുവല്ല ഇമ്മാനുവേൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. ത്യശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസം മുന്‍പാണ് പാലക്കാട് കല്ലാക്കാട് പൂളയക്കൽ വീട്ടിൽ മണ്‍സൂറിന്റെ മകൻ അസക്കറിനെ കടുത്ത ശ്വാസ തടസം മൂലം പ്രവേശിപ്പിച്ചത്.
കൃത്രിമ ശ്വാസം നൽകിയാണ് ഇതു വരെ ജിവൻ നിലനിർത്തിയത്. ഡോ. അനന്തകേശവൻ, ഡോ. ആര്യ എന്നിവരുടെ നേത്യത്വത്തിലാണ് ചികിത്സ നൽകി വന്നിരുന്നത്. ഇവിടെ നടത്തിയ വിശദമായ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിൽ ദ്വാരങ്ങൾ ഉള്ളതായി കണ്ടെത്തി.
അടിയന്തിര ശസ്ത്രക്രിയ വഴി മാത്രമേ ജീവൻ രക്ഷപെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അതിനുള്ള സൗകര്യം മെഡിക്കൽ കോളജിൽ ഇല്ലാത്തതിനാലും വേണ്ട സാന്പത്തികമില്ലാത്തതിനാലും കുട്ടിയ്ക്ക് ആവശ്യമായ ചികിത്സാധന സഹായത്തിനായി മെഡിക്കൽ കോളജ് അധികൃതർ സർക്കാരിന്റെ ഹ്യദ്യം പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ഹ്യദയ ശസത്രക്രിയയക്ക് വേണ്ടി പറഞ്ഞുവിടുകയായിരുന്നു. ഇന്നു രാവിലെ ഏഴോടെ തിരുവില്ലയിലെ ആശുപത്രിയിൽ നിന്നും ആധുനിക സജ്ജികരണങ്ങൾ ഉള്ള പ്രത്യേക ആംബുലൻസ് എത്തി. മെഡിക്കൽ കോളജ് പോലീസ് എയിഡ് പോസറ്റിലെ പോലീസുകാരനായ പ്രദീപ് ആംബുലൻസ് പോകുന്ന അതാത് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടവരെ അറിയിച്ചു.
ഇതേ തുടർന്ന് തിരുവല്ല ആശുപത്രിയിലെത്തുന്നതുവരെ തടസങ്ങൾ നീക്കുകയും ആംബുലൻസിന്റെ മുന്നിൽ പോലീസ് പൈലറ്റ് വാഹനം പോയും കുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചു. രണ്ട് വർഷമുന്‍പാണ് മണ്‍സൂറിന്റെ വിവാഹം കഴിഞ്ഞത്. ഇവരുടെ ആദ്യത്തെ കുട്ടിയാണ് അസക്കർ.