കോട്ടയം: ആംബുലൻസ് പരിശോധന ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. അനധികൃതമായി ഓടുന്ന ആംബുലൻസുകൾക്കെതിരെ നിയമനടപടി ആരംഭിച്ചു.
മോട്ടോർ വാഹനവകുപ്പിന്റെ മൂന്നു സ്ക്വാഡുകളാണ് ആംബുലൻസ് പരിശോധന നടത്തുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ അനധികൃതമായി ഗ്ലാസുകളിൽ കൂളിംഗ് ഫിലുമുകളും സ്റ്റിക്കറുകളും ഒട്ടിച്ചു മറച്ച നിലയിൽ സർവീസ് നടത്തിയ 12 ആംബുലൻസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൂളിംഗ് ഫിലിമുകൾക്കു പുറമേ മുകളിലത്തെ ലൈറ്റ് ഒഴികെ ബാക്കിയുള്ള അനാവശ്യമായ ലൈറ്റുകൾ നീക്കം ചെയ്യാനും മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി.
വാഹനത്തിന്റെ കണ്ണാടിയിൽ പുറംകാഴ്ച മറയ്ക്കുംവിധം കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ലെന്ന നിയമത്തിൽ ആംബുലൻസിനും ഇളവില്ലെന്നു മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. രോഗിയുടെ സ്വകാര്യത സൂക്ഷിക്കാൻ എന്ന പേരിൽ കണ്ണാടി പൂർണമായി മൂടാൻ പാടില്ല.
ആവശ്യമെങ്കിൽ രോഗിയെ പുതപ്പിക്കാം. ഇന്നലെ ജില്ലയിൽ പരിശോധനയ്ക്കു വിധേയമാക്കിയ ഏറെ ആംബുലൻസുകളും കൂളിംഗ് സ്റ്റിക്കർ പതിച്ചവയായിരുന്നു.
രോഗി ഇല്ലാത്ത സാഹചര്യത്തിലും ചില ആംബുലൻസുകൾ സൈറണ് മുഴക്കിയും ലൈറ്റ് പ്രകാശിപ്പിച്ചും ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടു.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ റൂൾ 100 പ്രകാരം വാഹങ്ങളിലെ ഗ്ലാസുകൾ സുതാര്യമാവണമെന്നിരിക്കെ രോഗികളുടെ സ്വകാര്യതയ്ക്ക് എന്ന ന്യായം പറഞ്ഞ് ഗ്ലാസുകൾ പൂർണമായും മറയത്തക്ക രീതിയിൽ
സ്റ്റിക്കറുകളും ഫിലിമുകളും ഉപയോഗിക്കുന്ന ആംബുലൻസുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതായി വിവരങ്ങൾ ലഭിച്ചിരുന്നു.
രോഗികളുടെ ജീവന്റെ പ്രാധാന്യം മുൻനിർത്തി ആംബുലൻസുകൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഓട്ടത്തിൽ അല്ലാത്ത സമയത്ത്
ഇത്തരം ആംബുലൻസുകളിലെ നിയമവിരുദ്ധമായ സ്റ്റിക്കറുകൾകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസ് അറിയിച്ചു.