ആലുവ: ജീവശ്വാസത്തിനായി മല്ലടിക്കുന്ന കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കു കുതിച്ചുപാഞ്ഞ ആംബുലൻസിനെ കടത്തിവിടാതെ കളിപ്പിച്ച കാർഡ്രൈവർ അറസ്റ്റിൽ. ആലുവ ഡിവൈഎസ്പി ഓഫീസിനു സമീപം പൈനാടത്തുവീട്ടിൽ നിർമൽ ജോസി(27)നെ എടത്തല പോലീസാണ് അറസ്റ്റുചെയ്തത്.
ഇയാളുടെ കെ.എൽ-17 എൽ 202 നന്പർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകിയാണെങ്കിലും കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ച നവജാതശിശു ഇപ്പോൾ സുഖംപ്രാപിച്ചുവരുന്നു.ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരുന്പാവൂരിലെ ആശുപത്രിയിൽനിന്നും ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി കളമശേരി മെഡിക്കൽ കോളേജിലേക്കു പോവുകയായിരുന്നു ആംബുലൻസ്.
എ.എം റോഡിൽ ചുണങ്ങംവേലി ഭാഗത്താണ് നിർമൽ ഓടിച്ച കാർ ആംബുലൻസിനെ മറികടന്നു കയറിയത്. പലയിടത്തും വഴി മാറിത്തരാൻ സൗകര്യമുണ്ടായിട്ടും ഇയാൾ കൂട്ടാക്കിയില്ല. സൈറൺ മുഴക്കിയും നിർത്താതെ ഹോണടിച്ചും അംബുലൻസ് ഡ്രൈവർ അടിയന്തരാവശ്യം അറിയിച്ചെങ്കിലും കടത്തിവിട്ടില്ല.ഈ ക്രൂരവിനോദം ആംബുലൻസിലുണ്ടായിരുന്നയാൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.
പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായിയ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ ഉടനെ എടത്തല പോലീസിനോട് സ്വമേധയാ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതേതുടർന്ന് എസ്ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തി.
പോലീസ് അന്വേഷണം ആരംഭിച്ചതായറിഞ്ഞ് മുങ്ങിയ പ്രതിയെ പിന്നീട് തന്ത്രത്തിൽ കുടുക്കി അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള റിപ്പോർട്ട് ആർടിഒക്കു നൽകുമെന്ന് പോലീസ് അറിയിച്ചു.
വാഹനം ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ കളിമൂലം അപകടാവസ്ഥയിലായ കുഞ്ഞിനെ 20 മിനിറ്റോളം വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. അതേസമയം ആംബുലൻസിനു വേഗത്തിൽ പോകാൻ വഴിയൊരുക്കിക്കൊണ്ട് താൻ എസ്കോർട്ട് പോയതാണെന്നാണ് അറസ്റ്റിലായ നിർമലിന്റെ വിശദീകരണം.
ആപത്ഘട്ടങ്ങളിൽ ആംബുലൻസടക്കമുള്ള വാഹനങ്ങൾക്ക് വഴിയൊരുക്കിക്കൊടുക്കുന്നത് മാനുഷികധർമമാണ്. ഇത് ലംഘിക്കപ്പെട്ടതായി വീഡിയോ ദൃശ്യങ്ങളിൽനിന്നു മനസിലാക്കിയതുകൊണ്ടാണ് മറ്റുള്ളവർക്കൊരു പാഠമാകാൻ കാർഡ്രൈവർക്കെതിരെ സ്വയമേവ കേസെടുത്ത് അറസ്റ്റുചെയ്തതെന്ന് ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ രാഷ്ട്രദീപികയോടു പറഞ്ഞു.