കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ അകത്തു കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രി ആര്‍എംഒയോട് ഇതു സംബന്ധിച്ച വിശദീകരണം ഇന്നു തന്നെ നല്കാന് നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.
ഫറോക്ക് കരുവന്തിരുത്തി എസ്പി ഹൗസില്‍ കോയമോന് (66) ആണ് മരിച്ചത്. സ്കൂട്ടറിടിച്ച് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്ത വിധം അടഞ്ഞുപോകുകയായിരുന്നു.
ഒടുവില്‍ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്തുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടര്‍ ഇടിച്ചത്. ഉടനെ ബീച്ചാശുപത്രിയില്‍ എത്തിച്ചു.
സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികില്‍സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.ബീച്ച് ആശുപത്രിയിലെ ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കോയമോന്റെ രണ്ടു സുഹൃത്തുക്കളും ഒരു ഡോക്ടറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുമുന്നിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുടക്കാന്‍ കഴിയാത്തതാണ് പ്രശ്നം സുഷ്ടിച്ചത്.
അകത്തുള്ളവര്‍ തുറക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. ഡ്രൈവര്‍ പുറത്തിറങ്ങി സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചു തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ചവിട്ടി തുറക്കാനും കഴിഞ്ഞില്ല.അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ ഒരു ചെറിയ മഴുവുമായി എത്തി വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെത്തിക്കുകയായിരുന്നു. എന്നാല്‍ അധികം താമസിയാെത മരിച്ചു.
വാതില്‍ തുരുമ്പെടുത്തതാണ് തുറക്കാന്‍ കഴിയാതിരിക്കാന്‍ കാരണം. കാലപ്പഴക്കം വന്ന ആംബുലന്‍സാണിത്. 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇടക്കിടെ കേടാവുന്ന ആംബുലന്‍സ് മാറ്റാന്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.
രോഗി മരിച്ചശേഷം ഇത് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെയുള്ള മറ്റൊരു ആംബുലന്‍സ് നിലവില്‍ വര്‍ക്ക് ഷോപ്പിലാണുള്ളത്. രണ്ടാമത്തെ ആംബുലന്‍സ് കൂടി കേടായതോടെ നിലവില്‍ ആംബുലന്‍സില്ലാത്ത സ്ഥിതിയായി.
എംകെ രാഘവന് എപിയുടെ ഫണ്ട് ഉപയോഗിച്ച് ആംബുലന്‍സിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിതായി ഡിഎംഒ പറഞ്ഞു. രണ്ടുമാസത്തിനകം പുതിയആംബുലന്സ് എത്തുമെന്ന് അദ്ദേഹം അറിയിച്ചു.