തുറവൂര്‍: ആംബുലന്‍സുകള്‍ അമിത ചാര്‍ജ് വാങ്ങുന്നതായി ആരോപണം. തുറവൂര്‍, ചേര്‍ത്തല ആശുപത്രികളില്‍നിന്ന് സര്‍വീസ് നടത്തുന്ന ആംബുലന്സുകള്ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളാണ് ഇവരുടെ ഇരയാകുന്നത്.രണ്ട് താലൂക്ക് ആശുപത്രിയും കേന്ദ്രീകരിച്ച് നിരവധി ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ ചില ആംബുലന്‍സ് ഡ്രൈവര്‍മാരാണ് രോഗികളുടെ ബന്ധുക്കളില്‍നിന്ന് അമിതചാര്‍ജ് ഈടാക്കുന്നത്.
തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളില്‍നിന്ന് ചില ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 1600 രൂപ വാങ്ങുമ്പോള്‍ ചിലര്‍ 2000 രൂപയും ചിലര്‍ 2500 രൂപയും ചിലര്‍ 2800 രൂപയും ചിലര്‍ 3000 രൂപയും വാങ്ങുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേരീതിയില്‍ തന്നെയാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്യുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്നും വാങ്ങുന്നത്.
കൂടാതെ ചില ആംബുലന്‍സ് ഡ്രൈവര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, വണ്ടാനം മെഡിക്കല്‍ കോളജ് എന്നിവിടങ്ങ ളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെ അവിടേക്ക് കൊണ്ടുപോകാതെ രോഗികളുടെ ബന്ധുക്കളെ നിർബന്ധിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും നിത്യസംഭവമാണെന്നു പരാതിയുണ്ട്. സാധാരണക്കാരായ രോഗികളെ ഇത് വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യമാണ്.
എല്ലാ സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നിലും ആംബുലന്‍സുകളുടെ ചാര്‍ജ് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അത് ബോര്‍ഡില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി മാറിയിരിക്കുകയാണ്. 108 ആംബുലന്‍സ് സര്‍വീസ് സൗജന്യമാണെങ്കിലും രോഗികളുടെ അത്യാവശ്യത്തിന് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാകാത്ത അവസ്ഥയാണെന്നും ആരോപണമുണ്ട്.
ജനങ്ങളുടെ സേവനത്തിനു വേണ്ടിയുള്ള ആംബുലന്‍സുകള്‍ക്ക് സര്‍ക്കാരില്‍നിന്ന് ഫീസ് ഇളവുകള്‍ ലഭിക്കുമ്പോഴും രോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്ന ബിസിനസ് ആയിട്ടാണ് ചില ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇതിനെ കാണുന്നതെന്നും ആരോപണമുണ്ട്. പ്രൈവറ്റ് ആംബുലന്‍സ് സര്‍വീസ് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു.