പാനൂർ: ഏരിയാ സമ്മേളനത്തിന്റെ പ്രചാരണവേളയിൽ ആംബുലൻസ് ഉപയോഗിച്ചതു വിവാദമാക്കുന്നവർ അതിന്റെ സാഹചര്യം കൂടി മനസിലാക്കണമെന്നു സിപിഎം ജില്ലാകമ്മിറ്റിയംഗം പി.ഹരീന്ദ്രൻ. പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണത്തിനിടെ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തിയെന്നതിനെയാണ് ചിലർ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്.
പാർട്ടി പ്രവർത്തകർക്കു നേരെ തുടർച്ചയായി അക്രമങ്ങൾ നടക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഏതു സമയത്തും പ്രവർത്തകർക്കു നേരേ അക്രമം ഉണ്ടായേക്കാമെന്ന അവസ്ഥയാണ് പാനൂരിൽ. ഇത്തരം ഒരു സാഹചകര്യം ഉണ്ടായാൽ ഉപയോഗപ്പെടുത്താനാണ് ആംബുലൻസ് സേവനം ഉറപ്പാക്കിയത്.
പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആംബുലൻസ് ഉപയോഗിക്കാൻ പാടില്ലെന്നോ ബുലൻസ് ഉപയോഗപ്പെടുത്തുന്നത് രാജ്യദ്രോഹ കുറ്റമാണോ എന്നും ഹരീന്ദ്രൻ ചോദിച്ചു. ആംബുലൻസിന്റെ പേരുപയോഗിച്ച് പാർട്ടിയെ കടന്നാക്രമിക്കാനുള്ള ചിലരുടെ ഗുഢനീക്കത്തിന്റെ ഭാഗമായാണ് വിവാദങ്ങൾ ഉയർത്തുന്നതെന്നും ഹരീന്ദ്രൻ പറഞ്ഞു. ഏരിയാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പോരാളി സഹനസംഗമത്തിലാണ് ഇതു സംബന്ധിച്ച് പി. ഹരീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.