ഗാന്ധിനഗർ: മനുഷ്യ ശരീരാവശിഷ്ടങ്ങൾ പാടശേഖരത്ത് ആംബുലൻസിൽ കൊണ്ടുപോയി തള്ളിയ സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്ന് ഗാന്ധിനഗർ പോലീസ്. കളത്തിപ്പടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ആർപ്പൂക്കര കരുപ്പൂത്തിട്ടയ്ക്ക് സമീപം മണിയാപറന്പ് റോഡരികിലെ പാടശേഖരത്ത് കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തിൽ മൃതദേഹ അവശിഷ്ടം ഉപേക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ പിടികൂടി. 17000 രൂപയാണ് ശരീരാവശിഷ്ടങ്ങൾ മറവ്ചെയ്യുന്നതിന് ആംബുലൻസ് ഡ്രൈവർമാർ ആശുപത്രി അധികൃതരിൽനിന്ന് കൈപ്പറ്റിയത്. ഇതിന്റെ നിജസ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി ബസ് സ്റ്റാന്‍ഡിന് സമീപം പാർക്ക് ചെയ്യുന്ന ആംബുലൻസിലെ ഡ്രൈവർമാരായ അമയന്നൂർ താഴത്തേൽ സുനിൽ കുമാർ (34), പെരുന്പായിക്കാട് ചിലന്പത്ത് ശേരിയിൽ ക്രിസ്റ്റുമോൻ ജോസഫ് (38) എന്നിവരാണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം എംബാം ചെയ്യുന്നത് കഴുത്തിൽ ഫോർമലിൻ കുത്തിവച്ച് മൃതദേഹത്തിലെ മുഴുവൻ രക്തവും കളഞ്ഞ ശേഷമാണ്.
ശരീരത്തിനുള്ളിലേക്ക് വെള്ളം പന്പ് ചെയ്ത് കൈകാലുകൾ മടങ്ങിയിരിക്കുകയാണെങ്കിൽ ഇവ നിവർത്തിയ ശേഷമാണ് മൃതദേഹം സൂക്ഷിക്കുന്നത്. അതിനാൽ ശരീര അവശിഷ്ടങ്ങൾ വേർതിരിച്ച് എടുക്കേണ്ടി വരുന്നില്ല. എന്നാൽ ഈ രീതി ചില സ്വകാര്യ ആശുപത്രി അധികൃതർ ചെയ്യാറില്ല. അവശിഷ്ടങ്ങൾ വേർതിരിച്ചെടുത്ത ശേഷം മറവു ചെയ്യുകയാണ് പതിവ്. ഇതിന് സഹായിക്കുന്നത് ചില ആംബുലൻസ് ഡ്രൈവർമാരാണ്. അറസ്റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കും.