തൃശൂർ: ഓക്സിജൻ സിലിണ്ടർ തീർന്നതിനെ തുടർന്നു രോഗി ആംബുലൻസിൽ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ഉണ്ടായേക്കും. വിഷയത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡിഎംഒ കെ. സുഹിത രാഷ്ട്രദീപികയോട് പറഞ്ഞു. കോർപറേഷൻ മേയർ അജിത ജയരാജനും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡെപ്യൂട്ടി ഡിഎംഒയുടെ പദവിയിലുള്ള ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി അന്വേഷണം നടത്തുമെന്നും ഡിഎംഒ പറഞ്ഞു.
കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കരേരക്കാട്ടിൽ കൊച്ചാപ്പുവിന്റെ മകൻ കെ.കെ. സെബാസ്റ്റ്യൻ(64) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ജില്ലാ ആശുപത്രിയിൽനിന്നും ഗവ. മെഡിക്കൽകോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രി അധികൃതർ സിലിണ്ടർ നിഷേധിച്ചതിനാലാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശ്വാസംമുട്ടിന് ഏറെനാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ചയാണ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ട് അധികമായതോടെ ഇന്നലെ ജില്ലാ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. രാവിലെ 11.30 ഓടെ ജില്ലാ ആശുപത്രിയുടെ ആംബുലൻസിൽ പുറപ്പെട്ടു. ശ്വാസതടസമുള്ള സാഹചര്യത്തിൽ ഓക്സിജൻ മാസ്ക് ധരിച്ചിരുന്നെങ്കിലും ഐസിയുവിലെ സിലിണ്ടർ ആയിരുന്നതിനാൽ ഇതു നീക്കിയത്രേ.
ആംബുലൻസിൽ സിലിണ്ടർ ഉണ്ടെന്നാണ് അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പകരം ഓക്സിജൻ സിലിണ്ടർ നൽകാൻ ജില്ലാ ആശുപത്രി അധികൃതർ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പരിചരണത്തിന് നഴ്സ് ഉണ്ടായിരുന്നില്ല. ഒരു അറ്റൻഡർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. യാത്ര തുടങ്ങി രണ്ടുകിലോമീറ്റർ പിന്നിട്ടപ്പോഴേയ്ക്കും ആംബുലൻസിലെ ഓക്സിജൻ തീരുകയും രോഗി മരിക്കുകയുമായിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്റെ ബന്ധുക്കൾ തൃശൂർ ടൗണ് ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത രോഗിയെ ബന്ധുക്കൾ നേരത്തെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്നാണ് ആശുപത്രി അധികൃതർ ഡിഎംഒയ്ക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്.
അവിടെ എത്തി അരമണിക്കൂറിനു ശേഷമാണ് രോഗി മരിച്ചതെന്നും ആംബുലൻസിൽ ആശുപത്രി ജീവനക്കാർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് മേയർ പറഞ്ഞു. കോർപറേഷന്റെ കീഴിൽ വരുന്നതാണ് ആശുപത്രി. സംഭവം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. തൃശൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് സെബാസ്റ്റ്യൻ. ടെസിയാണ് ഭാര്യ. മക്കൾ: സോഫിയ, എബിൻ.