തൃശൂർ: സ്വകാര്യ ബസ് റോഡിനു നടുവിൽ നിർത്തിയതുമൂലം ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി രോഗി മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവറെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തു. മണിക്കുട്ടൻ എന്ന ബസിലെ ഡ്രൈവർ മനക്കൊടി തോട്ടപ്പള്ളി വീട്ടിൽ സുജിലി(32)നെതിരെയാണ് വെസ്റ്റ് പോലീസ് കേസെടുത്തത്.
മനക്കൊടിയിൽ വാഹനങ്ങളുടെ നീണ്ട നിര കിടക്കുന്നതിനിടെ കുത്തിക്കയറിവന്ന ബസ് ഗതാഗത തടസം സൃഷ്ടിച്ചതിനെതുടർന്ന് ആംബുലൻസിന് കടന്നു പോകാൻ കഴിഞ്ഞിരുന്നില്ല. ഇടശേരി സ്വദേശി പുഴങ്കരയില്ലത്ത് ഐഷാബിക്കു ശരീരത്തിൽ എന്തോ കടിച്ചതിനെതുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ആക്ട്സിന്റെ ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നത്. മനക്കൊടിയിൽ വച്ചായിരുന്നു സംഭവം.
ഹോണടിച്ചിട്ടും മാറാതിരുന്ന ബസ് ഡ്രൈവറോട് ആംബുലൻസ് ഡ്രൈവറും മറ്റ് വാഹനങ്ങളിലുള്ളവരും ഇറങ്ങിവന്ന് നീക്കിയിടാൻ കയർത്തുപറഞ്ഞതോടെയാണ് ആംബുലൻസിനു കടന്നുപോവാൻ കഴിഞ്ഞത്. ആശുപത്രിയിലെത്തിക്കുന്നതിനു മുന്പുതന്നെ രോഗി മരിച്ചിരുന്നു.