നവജാത ശിശുവുമായി പോയ ആംബുലന്‍സിന് തടസം സൃഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു! നിര്‍മല്‍ ജോസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദ്ദേശം

നവജാതശിശുവുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിവൈ.എസ്.പി. ഓഫീസിനു സമീപം പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസി (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍. 17 എല്‍ 202 എന്ന ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശ്വാസതടസ്സം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനു മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കിയതിന് കാര്‍ ഡ്രൈവര്‍ക്കെതിരേ എടത്തല പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. പെരുമ്പാവൂരില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്‌സും ഒപ്പമുണ്ടായിരുന്നു. സാധാരണ 15 മിനിറ്റു കൊണ്ട് കളമശ്ശേരിയിലെത്തേണ്ട ആംബുലന്‍സ് മുന്നില്‍പ്പോയ വാഹനം തടസ്സമുണ്ടാക്കിയതിനെത്തുടര്‍ന്ന് 35 മിനിറ്റു കൊണ്ടാണ് ആശുപത്രിയിലെത്തിയത്. ആംബുലന്‍സിനു മുന്നില്‍ വഴി കൊടുക്കാതെ പോയ വാഹനത്തിന്റെ ദൃശ്യങ്ങളും ആംബുലന്‍സിന്റെ ഡ്രൈവര്‍ മധു പോലീസിന് കൈമാറിയിരുന്നു. ആംബുലന്‍സിന് വഴി നല്‍കാതെ മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന കാറിന്റെ ദൃശ്യം ആംബുലന്‍സിലിരുന്നയാളാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് പിന്നീട് സാമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ അറസ്റ്റുചെയ്ത നിര്‍മല്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അതേസമയം കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എടത്തല എസ്.ഐ. പി.ജെ. നോബിള്‍ പറഞ്ഞു. അതേസമയം, ആംബുലന്‍സിനു മുന്‍പില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ. സി.എസ്. അയ്യപ്പന്‍ പറഞ്ഞു.

https://www.facebook.com/perumbavoor.plus/videos/808997682594780/

 

Related posts