ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്പിൽ ആംബുലൻസ് ഡ്രൈവറുടെ പരാക്രമം. രോഗികളോടൊപ്പം എത്തിയവർ ഇയാളുടെ പ്രവൃത്തിയിൽ ഭയപ്പെട്ട് സ്ഥലത്തുനിന്നും ഓടി മാറി. ശനിയാഴ്ച രാത്രി 10.05 നായിരുന്നു സംഭവം. നെടുങ്കണ്ടത്തുനിന്നു രോഗിയുമായി എത്തിയതാണ് 108 ആംബുലൻസ്. ആശുപത്രി കോന്പൗണ്ടിൽ പ്രവേശിച്ച ശേഷവും അമിതവേഗത്തിൽ സൈറണ്‍ മുഴക്കി വന്ന ആംബുലൻസ് അത്യാഹിത വിഭാഗത്തിലെത്തിയ ഒരു രോഗിയെ ഇറക്കിക്കൊണ്ടിരുന്ന കാറിനെ മറികടന്നു വെട്ടിച്ചു കയറ്റുകയായിരുന്നു.
രോഗികളുമായി എത്തുന്നതും അല്ലാത്തതുമായ വാഹനങ്ങൾ മെഡിക്കൽ കോളജ് പരിസരത്ത് അമിത വേഗത്തിലോ ഹോണ്‍ മുഴക്കിയോ ഓടിക്കരുതെന്നാണ് നിയമം. ഇത്കാറ്റിൽ പറത്തിയാണ് 108 ആംബുലൻസിന്റെ ഡ്രൈവർ വണ്ടിയുമായി ആശുപത്രിയിലേക്കു കുതിച്ചെത്തിയത്. ഈ സമയം ഗുരുതരാവസ്ഥയിലെത്തിയ ഒരു രോഗിയെ കാറിൽനിന്നും സ്ട്രെച്ചറിലേക്കു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
108 ആംബുലൻസിന്റെ അമിതവേഗവും സൈറണ്‍ മുഴക്കിക്കൊണ്ടുള്ള അമിതവേഗത്തിലുള്ള വരവും കാറിനെ മറികടന്നു പെട്ടെന്ന് ബ്രേക്കിട്ടും കണ്ട് രോഗികളുടെ കൂടെയുണ്ടായിരുന്നവർ ഭയന്ന് ഓടി മാറുകയായിരുന്നു. നെടുങ്കണ്ടം സ്വദേശിയായിരുന്നു ആംബുലൻസ് ഡ്രൈവർ. ഇയാളുടെ നടപടിയെ കുറിച്ചു ചോദിച്ച എയ്ഡ് പോസ്റ്റിലെ പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ജീവനക്കാർ പറയുന്നു.
ചില ആബുലൻസ് ഡ്രൈവർമാർ മദ്യപിച്ചു വാഹനം ഓടിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ആംബുലൻസുഡ്രൈവർമാരെ പോലീസ് പരിശോധന നടത്താതെ പറഞ്ഞു വിടുകയാണ് പതിവ്. നിരവധി ആംബുലൻസുകൾ അപകടത്തിൽ പെടുന്ന സ്ഥിതിക്ക് സ്കൂൾ ബസിന്റെ ഡ്രൈവർമാർക്ക് നല്കുന്ന ബോധവത്കരണം പോലെ ആംബുലൻസിന്റെ ഡ്രൈവർമാർക്കും ബോധവത്കരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആശുപത്രി ജീവനക്കാരും പറയുന്നത്.