മണ്ണാർക്കാട്: ആംബുലൻസ് ഡ്രൈവർമാർക്കും കൃത്യമായ പരിശീലനംവേണമെന്ന ആവശ്യം ശക്തമാകുന്നു. അടിയന്തരഘട്ടത്തിലാണെങ്കിലും ചില സമയങ്ങളിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് റോഡിലൂടെ ആംബുലൻസുകളുടെ ചീറിപ്പായൽ. ആഴ്ചകൾക്ക് മുന്പ് വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നു. എന്നാൽ ഇത് പേരിനുമാത്രമായൊരു പരിശീലനം ആയിട്ടാണ് അറിയാൻ കഴിയുന്നത് .
എണ്പതും നൂറും കിലോമീറ്റർ സ്പീഡിൽ പായുന്പോൾ വാഹനം നിയന്ത്രണം വിടുകയും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് പെരിന്തൽമണ്ണ റൂട്ടിൽ തച്ചനാട്ടുകര പഞ്ചായത്തിലെ മണലും പുറത്ത് പച്ചനിയന്ത്രണംവിട്ട് ആംബുലൻസ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനെ ഇടിച്ചു മറിച്ചു. ആംബുലൻസ് സമീപത്തെ തൂണിലിടിച്ചാണ് നിന്നത്. എന്നാൽ ആംബുലൻസ് ഇടിച്ച കാർ കരണം മറിഞ്ഞ് പാടെ തകർന്നു. ആംബുലൻസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.
ഭാഗ്യംകൊണ്ട് മാത്രമാണ് ആംബുലൻസ് ഇടിച്ച് കാറിൽ ആൾ ഇല്ലാതിരുന്നത് .അല്ലാത്തപക്ഷം വൻദുരന്തത്തിന് ഇടവരുത്തുമായിരുന്നു. ആംബുലൻസിൽ ഉള്ള ഡ്രൈവർക്കും മറ്റു രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യം ആണ് ഇപ്പോൾ ഉയരുന്നത്.
മണ്ണാർക്കാട് മാത്രം ഇരുപതോളം ആംബുലൻസ് സർവീസുകളാണ് ഉള്ളത്. ഇത്തരത്തിൽ ജില്ലയിൽ നിരവധി ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്. ശാസ്ത്രീയമായ പരിശീലനം ഉണ്ടെങ്കിൽ മാത്രമേ ആംബുലൻസുകൾ അമിത വേഗതയിൽ ഓടിക്കാവുന്ന എന്ന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമാണുള്ളത്. അല്ലാത്തപക്ഷം കൊടുവായൂർ അപകടത്തിന്റെ നേർപതിപ്പായി ഇനിയും ദുരന്തങ്ങളുണ്ടാകുമെന്ന സൂചനകളാണ് ഉയരുന്നത്.
മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിലേക്കുള്ള ആധുനിക റോഡിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായിരിക്കുകയാണ് .ഇതിന്റെ പശ്ചാത്തലത്തിൽ ആംബുലൻസുകളും മറ്റു വാഹനങ്ങളും അമിത വേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് അപകടം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.