ആശുപത്രിക്കുള്ളിലേതിന് സമാനമായ സജ്ജീകരണങ്ങളോടെ ഒരു രോഗിയെ സ്ട്രെച്ചറിൽ കടൽക്കരയിൽ കണ്ട ആളുകൾക്ക് ആദ്യം ഒന്നും മനസിലായില്ല. കാര്യം അറിഞ്ഞപ്പോൾ ഒരു നെടുവീർപ്പോടെ എല്ലാം കണ്ടുനിൽക്കാനേ അവർക്കായുള്ളു. കാരണം കടന്നു പോകുന്ന ഓരോ നിമിഷത്തിലും മരണം തന്നിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നുവെന്ന് മനസിലാക്കിയ ഒരു യുവതിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു നൽകുവാനായിരുന്നു രോഗിയുമായി ആംബുലൻസ് അവിടെ എത്തിയത്. തന്നെ മരണം കവർന്നെടുക്കുന്നതിനു മുന്പ് കടൽ കാണുക എന്നതായിരുന്നു അവരുടെ ആഗ്രഹം.
ഓസ്ട്രേലിയയിലെ ഹാർവി വേയിലാണ് ഏവരെയും ഈറനണിയിച്ച് സ്ട്രെച്ചറിൽ കിടക്കുന്ന യുവതിയുമായി ആശുപത്രി അധികൃതർ എത്തിയത്. ക്വീൻസ്ലൻഡ് ആംബുലൻസ് സർവീസിലെ അധികൃതർ യുവതിയുമായി ആശുപത്രിയിലേക്ക് പോകുന്പോഴാണ് ഇവർ തന്റെ അന്ത്യാഭിലാഷം അവരുമായി പങ്കുവെച്ചത്. ഇതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയിൽ അധികൃതർ വഴി തിരിച്ചുവിട്ട് നേരെ ബീച്ചിലേക്ക് യുവതിയുമായി എത്തുകയായിരുന്നു. പിന്നീട് ഇവർ കിടന്ന സ്ട്രെച്ചർ കടലിനു അഭിമുഖമായി വയ്ക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം രോഗിയുമായി ആംബുലൻസ് മടങ്ങി.
ക്വീൻസ്ലൻഡ് ആംബുലൻസ് സർവീസ് അധികൃതർ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി. സോഷ്യൽമീഡിയയിൽ ഇവർക്ക് അഭിനന്ദന പ്രവാഹമാണ്.