കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ ഇതരസംസ്ഥാനക്കാരനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ജീവനക്കാർ വാടക ലഭിക്കാത്തതിന്റെ പേരിൽ പരിക്കേറ്റയാളുടെ മൊബൈൽ ഫോണുമായി കടന്നു. അടുത്തദിവസം പരിക്കേറ്റയാളുടെ ബന്ധുക്കളെത്തി വാടക കൊടുത്തപ്പോൾ മാത്രമാണു ഫോൺ തിരികെ നൽകിയത്.
ഭോപ്പാൽ സ്വദേശി മുഹമ്മദ് ജാവിക്കിനാണ് അപകടത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റത്. ഡൽഹി ആസ്ഥാനമായ കാർ കൊറിയർ സ്ഥാപനത്തിൽ ഡ്രൈവറായ ജാവിക്, തിരുവല്ല സ്വദേശിക്കു കൈമാറാനുള്ള ബെൻസ് കാറുമായി വരുന്പോൾ കഴിഞ്ഞ 19നു പുലർച്ചെ അങ്കമാലി ടെൽക്കിന് സമീപമായിരുന്നു അപകടം. ടെൽക്കിനു സമീപം എത്തിയപ്പോൾ പെട്രോൾ തീർന്നതിനാൽ അതു വാങ്ങിക്കൊണ്ടുവന്നു വാഹനത്തിൽ നിറച്ചുകൊണ്ടിരിക്കെ അമിതവേഗതയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.
ഇരുകാലുകളും ചതഞ്ഞരഞ്ഞ ജാവിക്കിനെ അങ്കമാലി ആശുപത്രിയിലെ പ്രഥമശുശ്രൂഷയ്ക്കുശേഷം സ്വകാര്യ ആംബുലൻസിൽ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ മൊബൈൽ ഫോണ് അന്വേഷിച്ചപ്പോഴാണ് അത് നഷ്ടമായ വിവരം അറിയുന്നത്.
മറ്റു മാർഗങ്ങളിലൂടെ ബന്ധുക്കളെ വിവരമറിയിക്കുകയും അവർ ജാവിക്കിന്റെ നന്പറിലേക്കു വിളിക്കുകയും ചെയ്തപ്പോഴാണ് ആംബുലൻസ് വാടകയ്ക്കു പകരം ഫോണ് എടുത്തുകൊണ്ടുപോയ വിവരം ആംബുലൻസുകാർ പറയുന്നത്. ബന്ധുക്കളെത്തി ആംബുലൻസ് വാടക നൽകി ഫോൺ തിരികെ വാങ്ങി.