എം.വി. വസന്ത്
തൃശൂർ: ഓടിത്തളരേണ്ടവരല്ല, ഇനിയും ഓടിയെത്തേണ്ടവരാണിവർ. അവസാന ശ്വാസത്തിൽനിന്നും ജീവിതത്തിലേക്കു പലരേയും തിരിച്ചുകൊണ്ടുവന്നവർ. പാലക്കാട്ട് തണ്ണിശേരിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് അണിയറയിൽ പരിശീലനം ഒരുങ്ങുന്നു. വിദഗ്ധ പരിശീലനം ലഭിച്ച നാമമാത്രമായ ആംബുലൻസ് ഡ്രൈവർമാരാണ് ഇന്നു കേരളത്തിലുള്ളത്.
സർക്കാർ സംവിധാനത്തിനു പുറമെ നിരവധി സ്വകാര്യ സംരംഭങ്ങളും ജീവൻരക്ഷാരംഗത്തു സജീവമായുണ്ട്. തണ്ണിശേരിയിൽ എട്ടുപേരുടെ മരണത്തിനു കാരണം ആംബുലൻസിന്റെ അമിതവേഗമാണെന്ന റോഡ് സേഫ്റ്റി അഥോറിറ്റിയുടെ പ്രാഥമിക നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലനമടക്കം ബോധവത്കരണ പരിപാടിക്ക് അഥോറിറ്റിയുടെ നീക്കം.
എൽഎംവി ലൈസൻസും ബാഡ്ജും ഉള്ളവർക്ക് ആംബുലൻസ് ഡ്രൈവറാകാമെങ്കിലും, ഇവർ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു അടിമപ്പെടാത്തവരായിരിക്കണം. നിശ്ചിത സമയത്തിനു മുന്പ് രോഗിയെ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ഓടിയ ഓട്ടം പോലും വെറുതെയാകും. ജീവൻ രക്ഷിക്കാൻ ചുരുങ്ങിയ സമയത്തിൽ കിലോമീറ്ററുകൾ താണ്ടേണ്ടിവരും. പലപ്പോഴും ജീവൻതന്നെ പണയം വച്ചാണ് ഇവരുടെയും ഡ്രൈവിംഗ്.
പരിശീലനം തീരെ ലഭിക്കാത്തവരും, താത്കാലികമായി ആംബുലൻസ് ഓടിക്കേണ്ടിവരുന്നവരുമുണ്ട് ഇക്കൂട്ടരിൽ. അർപ്പണബോധത്തിനപ്പുറം പലപ്പോഴും ഒരു ദിവസത്തെ ജോലിയെന്ന രീതിയിൽ പണിയെടുക്കുന്നവരുമുണ്ട്. ഇവരെല്ലാവരും ആംബുലൻസ് ഡ്രൈവർ എന്ന നിർവചനത്തിൽതന്നെയാണ് ഉൾപ്പെടുക. അതുകൊണ്ടുതന്നെയാണ് ആംബുലൻസ് ഡ്രൈവർമാർക്കു മിനിമം പരിശീലനം നല്കണമെന്ന ആവശ്യമുയരുന്നത്.
സാധാരണ ഡ്രൈവിംഗിനേക്കാൾ ആംബുലൻസ് ഓടിക്കുന്നതിനു പ്രത്യേക പരിശീലനംതന്നെ വേണമെന്നു മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെയാണ് സംസ്ഥാനത്തെ നിരത്തുകളിൽ ഭൂരിഭാഗം ആംബുലൻസുകളും ഓടുന്നത്.
ഡ്രൈവർമാരായി എത്തുന്ന പലർക്കും അപകടത്തിൽപെട്ട് കിടക്കുന്നയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും അറിയില്ല. അപകടം സംഭവിക്കുന്പോൾമാത്രം ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമെങ്കിലും പിന്നീട് യാതൊരു നടപടിയുമില്ലാത്തതാണ് ദുരന്തം ആവർത്തിക്കാനിടയാക്കുന്നതെന്ന് മോട്ടോർവാഹന വകുപ്പു തന്നെ സമ്മതിക്കുന്നുണ്ട്.