ആലുവ: ആംബുലൻസിനെ കടത്തിവിടാതെ തടസം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ആലുവ പൈനാടത്തുവീട്ടിൽ നിർമൽ ജോസിന്റെ (27)ലൈസൻസാണ് റദ്ദാക്കിയത്. ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരുമ്പാവൂരിലെ ആശുപത്രിയിൽനിന്നും ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി കളമശേരി മെഡിക്കൽ കോളേജിലേക്കു പോവുകയായിരുന്നു ആംബുലൻസ്. എഎം റോഡിൽ ചുണങ്ങംവേലി ഭാഗത്താണ് നിർമൽ ഓടിച്ച കാർ ആംബുലൻസിനെ മറികടന്നു കയറിയത്. പലയിടത്തും വഴി മാറിത്തരാൻ സൗകര്യമുണ്ടായിട്ടും ഇയാൾ കൂട്ടാക്കിയില്ല. സൈറൺ മുഴക്കിയും നിർത്താതെ ഹോണടിച്ചും അംബുലൻസ് ഡ്രൈവർ അടിയന്തരാവശ്യം അറിയിച്ചെങ്കിലും കടത്തിവിട്ടില്ല.
ഈ ക്രൂരവിനോദം ആംബുലൻസിലുണ്ടായിരുന്നയാൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. പിന്നീട് ഇത് സാമൂഹ്യമാധ്യ മങ്ങളിൽ ചൂടേറിയ ചർച്ചയായ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ ഉടനെ എടത്തല പോലീസിനോട് സ്വമേ ധയാ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.
പ്രതിയുടെ കളിമൂലം അപകടാവസ്ഥയിലായ കുഞ്ഞിനെ 20 മിനിറ്റോളം വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. അതേസമയം ആംബുലൻസിനു വേഗ ത്തിൽ പോകാൻ വഴിയൊരുക്കിക്കൊണ്ട് താൻ എസ്കോർട്ട് പോയതാണെന്നാണ് അറസ്റ്റിലായ നിർമലിന്റെ വിശദീകരണം.