ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയ രോഗിയെ ഡ്രൈവര്‍ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. പാലക്കാട് നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറാണ് രോഗിയോട് ക്രൂരമായി പെരുമാറിയത്. ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയപ്പോല്‍ പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് പറഞ്ഞു. സ്വയം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗിക്ക് അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രൈവര്‍ സ്ട്രെച്ചര്‍ ഉള്‍പ്പടെ രോഗിയെ വാഹനത്തിന് പിറകില്‍ തലകീഴായി നിര്‍ത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അവിടെ കൂടി നിന്നവര്‍ പകര്‍ത്തുകയും ചെയ്തു.
സ്‌ട്രെച്ചര്‍ തലകീഴായി വച്ച് രോഗിയെ തനിച്ചാക്കി ഡ്രൈവര്‍ ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയി. തുടര്‍ന്ന് ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ നിലയില്‍ തലകീഴായി കിടന്നു. വീഡിയോ പകര്‍ത്തരുതെന്ന് പറഞ്ഞ ഡ്രൈവര്‍ രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലന്‍സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ന്യായീകരിച്ചു. ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചിലര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.