പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് സൗകര്യം ലഭിക്കാതെ മനുഷ്യര്‍ മൃതദേഹം തലകീഴായി ചുമന്നും സൈക്കിളില്‍ കെട്ടിവെച്ചും ഒടിച്ചു മടക്കി ഭാണ്ഡത്തിലാക്കിയും കൊണ്ടു പോകുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
‘ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്’ എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടിയോടുന്ന ആംബുലന്‍സ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പശുക്കള്‍ക്ക് വേണ്ടിയുള്ള ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു. ലഖ്‌നൗവിലും ഗോരഖ്പൂരിലും വാരാണസിയിലും മധുരയിലും അലഹാബാദിലും ആംബുലന്‍സ് സൗകര്യം ലഭിക്കും.
മസ്ദൂര്‍ കല്യാണ്‍ സംഗതന്‍ എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഗോ സേവാ ടോള്‍ ഫ്രീ നമ്പറും ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റും ഉണ്ടായിരിക്കും. പശുക്കള്‍ക്കായുള്ള ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുപി സ്വദേശിയായ ഒരു പിതാവ് തന്റെ മകന്റെ മൃതദേഹം ചുമലില്‍ വഹിച്ചുകൊണ്ടുപോയി സംസ്‌കരിച്ചു എന്ന വാര്‍ത്ത വീഡിയോ അടക്കം പുറത്തുവന്നു. പണമില്ലാതിരുന്നത് മൂലം ആശുപത്രി അധികൃതര്‍ ആംബുലന്‍സ് ലഭ്യമാക്കാതിരുന്നതാണ് കാരണം.