മനുഷ്യത്വം സമൂഹത്തില്‍ നിന്ന് തീര്‍ത്തും അന്യംനിന്ന് പോയിട്ടില്ലെന്നതിന് പുതിയ തെളിവാണ് ഇപ്പോള്‍ മണ്ണാര്‍ക്കാട് നിന്ന് പുറത്തു വരുന്നത്. വലിയ രീതിയിലുള്ള ആഘോഷവുമായി ഒരു റോഡ് നിറയെ ജനങ്ങള്‍ തിങ്ങിക്കൂടി നില്ക്കുന്ന സമയത്ത് കടന്നുവന്ന ആംബുലന്‍സിനെ യൊതൊരു തടസവും കൂടാതെ കടത്തിവിട്ടാണ് ഒരുകൂട്ടം ജനങ്ങള്‍ മാതൃകയായത്.
ആംബുലന്‍സിന് വഴികൊടുക്കാന്‍ മടിക്കുന്ന ധാരാളം ആളുകള്‍ നിരത്തുകള്‍ കയ്യടക്കുന്നത് പതിവുള്ള സാഹചര്യത്തിലാണിതെന്നതാണ് ശ്രദ്ധേയമായ കാര്യം. അത്തരം മാനസികാവസ്ഥയുള്ളവര്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണമെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.
ഇവിടെ ഒരു വ്യക്തിയല്ല, ഒരു നാട് തന്നെയാണ് ആംബുലന്‍സിനു വഴിയൊരുക്കാന്‍ ഒരുമിച്ചു ചേര്‍ന്നതെന്നതും ശ്രദ്ധേയമാണ്. മണ്ണാര്‍ക്കാട് ചെട്ടിവേലയ്ക്കിടയിലാണ് സംഭവം. ആട്ടവും പാട്ടുമായി വലിയ ഒരുകൂട്ടം ആളുകള്‍ റോഡ് മുഴുവന്‍ നിരന്നു നില്ക്കുന്നു. ആ പുരുഷാരത്തിനിടയിലേക്കാണ് രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സൈറണ്‍ മുഴക്കി എത്തുന്നത്. ആഘോഷങ്ങളില്‍ ചെറിയൊരു മ്ലാനത. ഒരു നിമിഷത്തിന്റെ ഇടവേള പോലും നല്‍കാതെ, വാഹനത്തിനു വഴിയൊരുക്കപ്പെട്ടു. വേഗത ഒട്ടും കുറയ്ക്കാതെ തന്നെ ആംബുലന്‍സ് കടന്നുപോയി. ഒരു നാടിന്റെ സ്നേഹവും ഒത്തൊരുമയും മാത്രമല്ല, സഹജീവിയോടുള്ള കരുതലും കൂടിയാണ് ഈ വിഡിയോ വെളിപ്പെടുത്തുന്നതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.