പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു രൂപക്ക് ആംബുലൻസ് സർവീസ് ആരംഭിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയിലെ യുവജന നേതാക്കൾ ചേർന്ന് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് പലപ്പോഴും ചികിത്സാ ചെലവ് താങ്ങാൻ സാധിക്കാറില്ല. അത്തരം അവസരങ്ങളിൽ ആംബുലൻസ് ചെലവ് വലിയ ഭാരമായി മാറുന്ന സ്ഥിതിയാണുള്ളത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ആംബുലൻസ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
പൂർണമായും സേവന വ്യവസ്ഥയിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. ആരോടും കണക്ക് പറഞ്ഞ് പണം വാങ്ങുകയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആംബുലൻസ് ഓടിക്കുന്നത്.
ആംബുലൻസിൽ സ്ഥാപിച്ചിരിക്കുന്ന വഞ്ചിയിൽ ഒരു രൂപ നാണയം നിക്ഷേപിക്കുന്നവർക്ക് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ പണം നിക്ഷേപിക്കാൻ കൈയിൽ ഉണ്ടെങ്കിൽ മാത്രം അവർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം.
കൂടുതൽ പണം കിട്ടിയാൽ അത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കും. ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയാണ് ആംബുലൻസ് പുറത്തിറക്കിയിരിക്കുന്നെതെങ്കിലും ജില്ലയിലുടനീളം സർവീസ് ലഭ്യമാക്കാനാണ് സംഘാടകരുടെ തീരുമാനം.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഫ്സൽ വി, ഷെയ്ഖിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്.
8592900108 നമ്പറിൽ ആംബുലൻസിന്റെ സേവനം ലഭ്യമാണ്. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയാണ് ആംബുലൻസ് പുറത്തിറക്കുന്നതിന് നേതൃത്വം നൽകിയത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ അഫ്ഫ്സൽ വി. ഷെയ്ഖിന്റെ അധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെഎസ്യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എം.പി ഹസൻ, എം.എസ്. ഷിജു, അഖിൽ അഴൂർ, മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ്, ഡിസിസി ജനറൽ സെക്രട്ടറി ജാസിംകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റെന്നിസ് മുഹമ്മദ്, നിസാം ഇസ്മയിൽ, അലക്സാണ്ടർ ചെറുകുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.