കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: അപകടത്തിൽപ്പെട്ടു ഗുരുതരമായി പരിക്കേറ്റു റോഡിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കു നിയമ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് അഥോറിറ്റി രൂപീകരിക്കും. ആശുപത്രിയിലെത്തിക്കാൻ ചെലവായ തുകയും പാരിതോഷികവും അടക്കം എമർജൻസി മെഡിക്കൽ കെയർ ആൻഡ് ഗുഡ്സമരിറ്റൻ അഥോറിറ്റി വഴി രക്ഷകനു നൽകും. ഈ കേസുമായി ബന്ധപ്പെട്ട പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്ഐആർ) അടക്കം രക്ഷിച്ചയാളിനെ ഉൾപ്പെടുത്തില്ല.
ഇതുസംബന്ധിച്ചു സംസ്ഥാന നിയമപരിഷ്കരണ കമ്മീഷൻ തയാറാക്കിയ കേരള എമർജൻസി മെഡിക്കൽ കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഗുഡ് സമരിറ്റൻസ് ബിൽ- 2019 സർക്കാരിനു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതു വൈകാതെ നിയമ വകുപ്പിനു കൈമാറും. നിയമ വകുപ്പിന്റെ ശിപാർശയോടെ ആരോഗ്യ വകുപ്പാകും ബിൽ നിയമസഭയുടെ പരിഗണനയിൽ കൊണ്ടു വരേണ്ടത്.
അപകടത്തിൽപ്പെട്ടു കിടന്നയാളെ ആശുപത്രിയിലെത്തിച്ച വ്യക്തികളുടെ (ഗുഡ്സമരിറ്റൻ) സമ്മതമില്ലാതെ ഇവരെ സാക്ഷിയായിപോലും പോലീസിന്റെ എഫ്ഐആറിൽ ഉൾപ്പെടുത്താൻ പാടില്ലെന്നു നിർദിഷ്ട കരടു ബില്ലിൽ ശിപാർശ ചെയ്യുന്നു. ആശുപത്രിയിൽ എത്തിക്കുന്നവരോട് അടിയന്തര ചികിത്സയ്ക്കുള്ള പണം അടയ്ക്കാൻ ആശുപത്രി അധികൃതർ നിർബന്ധിക്കാൻ പാടില്ല.
പരിക്കേറ്റയാളെ തിരിച്ചറിയുന്നതിനും അപകട വിവരങ്ങൾ അറിയുന്നതിനുമല്ലാതെ മറ്റൊരു തരത്തിലും രക്ഷിച്ചയാളുടെ മൊഴി രേഖപ്പെടുത്താൻ പോലീസോ ആശുപത്രി അധികൃതരോ തയാറാകരുത്. രക്ഷിച്ചയാളുടെ വിവരം ആശുപത്രിയിൽ വെളിപ്പെടുത്തേണ്ടതില്ല.
കോടതി നടപടികളുടെ ഭാഗമായി ഇവരെ സാക്ഷിയാകാനും നിർബന്ധിക്കരുത്. അന്വേഷണത്തിന്റെ ഭാഗമായി സ്വയം വിവരം നൽകാൻ മുന്നോട്ടു വന്നാൽ നിശ്ചിത സമയത്തിനകം മൊഴിയെടുപ്പ് പൂർത്തിയാക്കണം. തുടർച്ചയായി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ല.
അടിയന്തര ചികിത്സ മുൻകൂർ പണം ഈടാക്കാതെ എല്ലാ ആശുപത്രികളും നൽകണം. ആദ്യ 24 മണിക്കൂറിലെ ചികിത്സച്ചെലവ് അഥോറിറ്റി വഴി ആശുപത്രിക്കു സർക്കാർ മടക്കി നൽകും. അഥോറിറ്റിയുടെ ഘടന, അധ്യക്ഷൻ, അംഗങ്ങൾ എന്നിവ സർക്കാർ തീരുമാനിക്കും. അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നവരെ പോലീസ് പല തരത്തിൽ പീഡിപ്പിക്കുന്നതിനാൽ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണു നിയമനിർമാണവുമായി സർക്കാർ മുന്നോട്ടു പോകുന്നത്.