കോഴിക്കോട്: കോഴിക്കോട്ട് ആംബുലൻസ് ഡ്രൈവറെ മർദിച്ച ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കൽ റിതേഷ്, ഡ്രൈവർ പെരുവയൽ മുതലക്കുണ്ട്നിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ക്ലീനർക്കെതിരേ ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും ബസ് ഡ്രൈവർക്കെതിരേ മാർഗതടസം സൃഷ്ടിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. വയനാട്ടിൽ ഒരു മൃതദേഹമിറക്കി കോഴിക്കോട്ടേക്കു പോകുകയായിരുന്നു ആംബുലൻസ്.
ബംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്, അപായശബ്ദമിട്ട് യാത്ര ചെയ്ത ആംബുലൻസിനു സൈഡ് നൽകിയില്ല. ഇതു ചോദ്യം ചെയ്ത് ആംബുലൻസ് റോഡിൽ വിലങ്ങനെ നിർത്തി.
തുടർന്നാണ് ആംബുലൻസ് ഡ്രൈവർ സിറാജിനു മർദനമേറ്റത്. ആംബുലൻസ് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാരകമായി പരിക്കേറ്റ സിറാജിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ തടഞ്ഞുവച്ച് താമരശേരി പോലീസിലേൽപ്പിക്കുകയായിരുന്നു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.