തിരുവനന്തപുരം: പിഞ്ച് കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാതെ ആംബുലൻസിന്റെ മരണപ്പാച്ചിൽ. കാസർഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതി കളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാനാണ് ആംബുലൻസ് ദേശീയപാതയിലൂടെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് കുതിക്കുന്നത്. ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്കാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് KL-60 – J 7739 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ആംബുലൻസ് മംഗലാപുരത്തുനിന്നും പുറപ്പെട്ടത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏകദേശം 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറാണ് സാധാരണ വേണ്ടിവരുന്നത്. എന്നാൽ ഇതിലും കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടിയെ തിരുവനന്തപുരത്തെത്തിക്കാനാണ് ശ്രമം.
ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങളാണ് യാത്രയിൽ സഹായമായി കൂടെ നിൽക്കുന്നത്. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാ ഗരൂഗരായി നിലകൊള്ളും. ആംബുലൻസ് കടന്നുപോകുന്ന പ്രദേശങ്ങൾ അറിയാൻ ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അവരുടെ ഫേസ്ബുക്ക് പേജിൽ യാത്രയുടെ ലൈവ് നൽകുന്നുണ്ട്. ആംബുലൻസ് സുഖമമായി കടന്നുപോകുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.